അങ്കമാലിയിൽ കെ  റെയിൽ സർവേക്കല്ലുകൾ  കൂട്ടിയിട്ട്  റീത്ത്  വച്ചു;    പിഴുതുമാറ്റിയത്  സ്ഥാപിച്ച്  24മണിക്കൂർ  തികയുന്നതിനു  മുമ്പേ

Friday 21 January 2022 12:21 PM IST

അങ്കമാലി: അങ്കമാലി പുളിനകത്ത് സിൽവർ ലൈൻ സർവേ കല്ലുകൾ പിഴുതു മാറ്റി റീത്തു വച്ച് പ്രതിഷേധം. ത്രിവേണി പാടശേഖരത്തിൽ സ്ഥാപിച്ച ആറു കല്ലുകളാണ് രാത്രിയിൽ പിഴുതുമാറ്റിയത്. ഇന്നു തന്നെ കല്ലുകൾ പുനസ്ഥാപിക്കുമെന്നാണ് സൂചന. എന്നാൽ ഇത് കേരളത്തിലെ ജനങ്ങളുടെ സ്വാഭാവിക പ്രതികരണം മാത്രമാണെന്നും സർവേ കല്ലുകൾ പിഴുത നടപടിയെ പൂർണമായി പിന്തുണയ്ക്കുന്നുണ്ടെന്നുമാണ് എംഎൽഎ റോജി എം ജോൺ പറഞ്ഞത്. കേരളത്തിൽ സ്ഥാപിച്ച മുഴുവൻ കല്ലുകൾക്കും കാവൽ നിൽക്കാൻ പൊലീസിന് കഴിയുമോയെന്നും റോജി എം ജോൺ ചോദിച്ചു.

ഇന്നലെയാണ് കെ റെയിൽ ഉദ്യോഗസ്ഥരെത്തി സർവേ കല്ലുകൾ സ്ഥാപിച്ചത്. ഇതിനെതിരെ കെ റെയിൽ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് നടപടികൾ മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ ഇന്ന് പുലർച്ചെ കല്ലുകൾ പിഴുതു മാറ്റുകയായിരുന്നു. പാത കടന്നുപോകുന്നതിന് സമീപത്തുള്ള വിവിധ കവലകളിലാണ് പിഴുതുമാറ്റിയ സർവേ കല്ലുകൾ കൊണ്ടുവച്ചിരുന്നത്.

അങ്കമാലിയിലെ ജനങ്ങളെ പൊലീസ് ഭീഷണിപ്പെടുത്തിയിട്ടും അറസ്റ്റു ചെയ്തിട്ടും സ്ഥാപിച്ച കല്ലുകൾക്ക് 24മണിക്കൂറിന്റെ ആയുസുപോലും ഉണ്ടായില്ലെന്നും റോജി എം ജോൺ പറഞ്ഞു. ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് തക്ക മറുപടി നല്‍കിയ ധീരന്‍മാര്‍ക്ക് അഭിവാദ്യങ്ങളെന്നും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആരുടേയും അനുവാദം ചോദിക്കാതെയാണ് അവരുടെ വസ്തുവില്‍ കല്ലുകള്‍ സ്ഥാപിച്ചത്. സ്വാഭാവികമായും ജനങ്ങൾ ഇക്കാര്യത്തിൽ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.