കുതിരാൻ തുരങ്കത്തിലെ 104 ലൈറ്റുകളും കാമറകളും തകർത്തത് ടിപ്പർലോറി , അട്ടിമറിയെന്ന് സംശയം, പത്തുലക്ഷം രൂപയുടെ നഷ്ടം

Friday 21 January 2022 2:47 PM IST

തൃശൂർ: കുതിരാൻ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളും കാമറകളും പൂർണമായി തകർത്തു. തുരങ്കത്തിനുള്ളിലൂടെ ടിപ്പർലോറി പിൻഭാഗം ഉയർത്തിവച്ച് ഓടിച്ചതിനെ തുടർന്നാണ് 104 ലൈറ്റുകളും കാമറകളും പൂർണമായും തകർന്നത്. കാമറകളും ലൈറ്റുകളും തകർന്ന് തരിപ്പണമായ അവസ്ഥയിലാണ്. പത്തുലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായതെന്നാണ് കരുതുന്നത്. നിറുത്താതെ ഓടിച്ചുപോയ ലോറി കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. മനപൂർവം ചെയ്തതാണോ എന്നും സംശയമുണ്ട്.

നീണ്ട കാത്തിരിപ്പിനുശേഷം കഴിഞ്ഞവർഷം ജൂലായിലാണ് കുതിരാനിലെ ഒന്നാം തുരങ്കം ഗതാഗതത്തിനായി തുറന്നത്. വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാതയിൽ പാലക്കാടു ഭാഗത്തുനിന്നു തൃശൂരിലേക്കുള്ള തുരങ്കമാണിത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ശീതസമരത്തെത്തുടർന്നാണ് മുന്നറിയിപ്പില്ലാതെ തുരങ്കം തുറക്കാൻ തീരുമാനിച്ചത് വിവാദമായിരുന്നു.

കുതിരാനിലെ രണ്ടാം തുരങ്കവും ഇന്നലെ ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. അപ്രോച്ച് റോഡ് ഉൾപ്പടെയുള്ളവയുടെ നിർമാണത്തിന്റെ വേഗം കൂട്ടുന്നതിനുള്ള ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് രണ്ടാം ടണൽ ഭാഗികമായി തുറന്നത്. തൃശൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങൾ ഇതിലൂടെ പോകും.

ഇന്നലെ ഉച്ചയ്ക്ക് 12.35ന് തൃശൂർ ജില്ലാ കളക്ടർ ഹരിത വി. കുമാർ, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷമാണ് രണ്ടാം ടണൽ തുറന്നത്. രണ്ടു മാസം കൊണ്ട് അപ്രോച്ച് റോഡ് അടക്കമുള്ള അനുബന്ധനിർമ്മാണങ്ങൾ പൂർത്തിയാക്കി ഗതാഗതം പൂർണസജ്ജമാക്കും.


രണ്ടാം ടണൽ ജനുവരി 20ന് തുറക്കണമെന്ന് കാണിച്ച് നാഷണൽ ഹൈവേ അതോറിട്ടി അധികൃതർ കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നതായി കളക്ടർ പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ജില്ലയിലെ മൂന്ന് മന്ത്രിമാരുടെയും എം.പിയുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നാണ് രണ്ടാം ടണലിലൂടെ വാഹനങ്ങൾ കടത്തിവിടാൻ തീരുമാനമായത്.

യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, കെ. രാധാകൃഷ്ണൻ, ഡോ. ആർ. ബിന്ദു, ടി.എൻ. പ്രതാപൻ എം.പി, കളക്ടർ ഹരിത വി. കുമാർ, സിറ്റി പൊലീസ് കമ്മിഷ്ണർ ആർ. ആദിത്യ തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ ഒന്നാം ടണലിലൂടെയാണ് ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിട്ടിരുന്നത്.

അതേസമയം,കുതിരാനിൽ ടോൾ പിരിവ് ഉടൻ തുടങ്ങാൻ സമ്മതിക്കില്ലെന്നാണ് സർക്കാരിന്റെ നിലപാടെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. റവന്യൂ മന്ത്രി കെ.രാജനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് റിയാസ് ഇക്കാര്യം അറിയിച്ചത്.