കൊവിഡ് വ്യാപനം അതിരൂക്ഷം; നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി

Friday 21 January 2022 3:25 PM IST

തിരുവനന്തപുരം: കൊവിഡ് കേസുകൾ അതിവേഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ദക്ഷിണ റെയിൽവേ നാല് ട്രെയിനുകൾ റദ്ദാക്കി. ജനുവരി 22 മുതൽ 27 വരെയുള്ള ട്രെയിൻ സർവീസുകളാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്.

നാഗർകോവിൽ- കോട്ടയം എക്‌സ്‌പ്രസ് ( നം.16366), കൊല്ലം- തിരുവനന്തപുരം അൺറിസർവ്‌ഡ് എക്‌സ്‌പ്രസ് (നം.06425), കോട്ടയം- കൊല്ലം അൺറിസർവ്‌ഡ് എക്‌സ്‌പ്രസ് (നം.06431), തിരുവനന്തപുരം- നാഗർകോവിൽ അൺറിസർവ്‌ഡ് എക്‌സ്‌പ്രസ് (നം.06435) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

അതേസമയം രാജ്യത്ത് കൊവിഡ്, ഒമിക്രോൺ വ്യാപനം അതീവ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടക്കുന്നത്. ഇന്നലെ മാത്രം 350 ലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചു. കർണാടകയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇരുപത്തിനാല് മണിക്കൂറിനിടെ 47,754 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 33,76,963 ആയി ഉയർന്നു. ഇതുവരെ 38,515 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കേരളത്തിൽ ഇന്നലെ 46,387 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 കടന്നു. നിലവിൽ 1,68,383 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് 46,197 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.


അതേസമയം കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിദിന വർദ്ധന ആശങ്കപ്പെടുത്തുന്നതാണെന്നും ഇവിടങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. വാക്സിനേഷൻ ഒമിക്രോൺ മൂലമുള്ള മൂന്നാം തരംഗത്തെ നേരിടുന്നതിൽ നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് വാക്‌സിനേഷൻ 160 കോടി ഡോസ് കടന്നു. എഴുപത് ശതമാനത്തോളം പേർ രണ്ട് ഡോസും, 90 ശതമാനത്തിലധികം പേർ ഒരു ഡോസും സ്വീകരിച്ചു.