ആത്മരാഗത്തിന്റെ അനുഭവതലങ്ങൾ ; ഡോ ജോർജ് ഓണക്കൂർ ജീവിതത്തിലൂടെ, എഴുത്തിലൂടെ സഞ്ചരിക്കുന്നു
നോവലുകളിലൂടെ, കഥകളിലൂടെ, തിരക്കഥകളിലൂടെ, പഠന ഗവേഷണങ്ങളിലൂടെ മലയാളത്തെ ധന്യമാക്കിയ ഡോ. ജോർജ് ഒാണക്കൂർ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരത്തിന്റെ നിറവിൽ ജീവിതത്തിലൂടെ, എഴുത്തിലൂടെ സഞ്ചരിക്കുന്നു...
മലയാളസാഹിത്യത്തിൽ പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത സർഗപ്രതിഭയാണ് ഡോ. ജോർജ് ഒാണക്കൂർ. വളരെ ചെറുപ്പത്തിൽത്തന്നെ പല പുരസ്കാരങ്ങളുടെയും സൗപർണപ്രഭയേൽക്കാൻ ഭാഗ്യം സിദ്ധിച്ചയാളാണ് അദ്ദേഹം. ഇപ്പോൾ ഇതാ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുകയാണ്. തന്റെ നോവലുകളിലൂടെ കഥകളിലൂടെ തിരക്കഥകളിലൂടെ പഠന ഗവേഷണങ്ങളിലൂടെ മലയാളത്തെ ധന്യമാക്കിയ ജോർജ് ഒാണക്കൂറിന്റെ ആത്മകഥ 'ഹൃദയരാഗങ്ങൾ"ക്കാണ് പുരസ്കാരം ലഭിച്ചത്. എഴുത്തുകാരനുമായി അല്പനേരം സംസാരിച്ചതിന്റെ സുകൃതാക്ഷരങ്ങളിലേക്ക്.
ഇങ്ങനെ ഒരഭിമുഖം നൽകുമ്പോൾ താങ്കളുടെ മനസിൽ 'കേരളകൗമുദി"യുമായുള്ള ഏതൊക്കെ ഒാർമ്മകളാണ് കടന്നുവരുന്നത് ?
കേരളകൗമുദിയുമായി വല്ലാത്തൊരു ഹൃദയബന്ധമുള്ള ആളാണ് ഞാൻ. പത്രാധിപർ കെ. സുകുമാരൻ മുതൽ എം.എസ്. രവി, ദീപു രവി എന്നിവരോടെല്ലാം എനിക്ക് ആത്മബന്ധമുണ്ട്. എന്റെ എഴുത്തുജീവിതത്തിന്റെ തുടക്കം മുതൽ എന്നെ നന്നായി പ്രോത്സാഹിപ്പിക്കുകയും അയച്ചുകൊടുത്തിട്ടുള്ള എല്ലാ സൃഷ്ടികളും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുകൊണ്ട് എന്നോട് നിറഞ്ഞ സ്നേഹവാത്സല്യങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്ന ഒരു പത്രമാണ് കേരളകൗമുദി. ഇതൊക്കെ എനിക്ക് വളരെയേറെ ആനന്ദം തരുന്നു.
ഒാണക്കൂർ എന്ന ഗ്രാമം എഴുത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട്?
തീർച്ചയായും എന്റെ നാട്, എന്റെ ഗ്രാമം എനിക്ക് മാതൃസമാനയാണ്. എന്റെ നാട്ടിലെ ഗ്രന്ഥശാലയിൽ നിന്നാണ് ഞാൻ ആദ്യമായി അക്ഷരങ്ങളുടെ മധുരം നുകർന്നത്. മൂവാറ്റുപുഴ താലൂക്കിലെ ഒാണക്കൂർ എന്ന കൊച്ചുഗ്രാമം എന്റെ മനസിൽ സർവ്വാഭിഷ്ടദായിനിയായ വിശ്വപ്രകൃതിയെപ്പോലെ ഇന്നുമുണ്ട്. സമൂർത്തമായിട്ടല്ലെങ്കിലും എന്റെ കൃതികളിൽ ഗ്രാമം ഒളിഞ്ഞും തെളിഞ്ഞും കടന്നുവന്നിട്ടുണ്ട്.
ആദ്യത്തെ കാമ്പസ് നോവലെഴുതിയ ആ ചെറുപ്പക്കാരനായ നോവലിസ്റ്റിന്റെ രാഗഹൃദയത്തിൽനിന്ന് ഹൃദയരാഗത്തിലേക്ക് പോകാം അല്ലേ?
(ചിരിച്ചുകൊണ്ട്) അതെ. ഞാൻ ഇരുപത്തിയൊന്നാമത്തെ വയസിൽ അദ്ധ്യാപകനായി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലായിരുന്നു ദീർഘകാലം സേവനമനുഷ്ഠിച്ചത്. അന്നും ഇന്നും ഞാൻ ചെറുപ്പക്കാരോടൊപ്പമാണ്. എന്റെ ആത്മതാളങ്ങൾ കൂടുതൽ ചേർന്നുനിൽക്കുന്നത് അവരുമായിട്ടാണെന്ന് ഞാൻ കരുതുന്നു. അങ്ങനെ ഉള്ളിൽനിന്ന് ഉറവയെടുത്ത ഒരു നോവലാണ് 'ഉൾക്കടൽ" പിന്നീടത് സിനിമയായപ്പോൾ അതിന് പൊതുജനങ്ങൾക്കിടയിൽ ഗംഭീരമായ സ്വീകാര്യത ലഭിച്ചു. നാല്പതിലേറെ കൊല്ലത്തിനപ്പുറം കടന്നിട്ടും ഇന്നും ആ നോവൽ ജനഹൃദയങ്ങളിൽ ജീവിക്കുന്നു. അതുതന്നെയാണ് ഒരെഴുത്തുകാരന് കിട്ടാവുന്ന ഏറ്റവും വലിയ പുരസ്കാരമെന്ന് ഞാൻ വിനയപൂർവം വിശ്വസിക്കുന്നു.
യാത്രാവിവരണ രചനയിൽ വളരെ ഉത്സാഹനാണല്ലോ?
തീർച്ചയായും. 'ഒലിവുമരങ്ങളുടെ നാട്ടിൽ" ജറുസലേംയാത്രയുടെ അനുഭവങ്ങളാണ്. ശ്മശാനഭൂമികൾ തുടങ്ങി പല കൃതികളുമുണ്ട്.
ജറുസലേം യാത്രയെക്കുറിച്ചുള്ള 'ഹൃദയത്തിൽ ഒരുവാൾ" അതേ കുറിച്ച് എന്തെങ്കിലും കൂടി?
'ഹൃദയത്തിൽ ഒരുവാൾ" വളരെയേറെ പ്രശംസകൾ നേടിത്തന്ന ഒരു കൃതിയാണ്. അതിന് തർജ്ജമയും ഉണ്ടായിട്ടുണ്ട്. ബൈബിൾ പശ്ചാത്തലം അതിനുള്ളതിനാലാവാം വളരെ പെട്ടെന്ന് അത് ജനശ്രദ്ധ നേടി. ബൈബിൾ പശ്ചാത്തലത്തിൽ വേറെയും ചില നോവലുകൾ എഴുതിയിട്ടുണ്ട്. അവയെല്ലാം തന്നെ അനുവാചകർ വീണ്ടും വീണ്ടും വായിക്കുന്നു. ചർച്ച ചെയ്യുന്നു. അതുതന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം.
'സമതലങ്ങൾക്കപ്പുറത്തെ" ക്കുറിച്ച് പറയാൻ പറഞ്ഞാൽ അങ്ങയുടെ മിഴി നിറയുമോ?
എ.കെ.പി.സി.ടി.എ എന്ന അദ്ധ്യാപക സംഘടനയിൽ പ്രവർത്തിച്ചുകൊണ്ട് യു.ജി.സി സ്കെയിലിനുവേണ്ടിയുള്ള നിരന്തര സമര പരിപാടികളുടെയും സർക്കാർ കോളേജ് അദ്ധ്യാപകർക്ക് തുല്യമായ ശമ്പള ആനുകൂല്യങ്ങൾക്കായുള്ള സന്ധിയില്ലാസമരത്തിൽ പങ്കെടുത്തതിന്റെ നേർപടമാണ് 'സമതലങ്ങൾക്കപ്പുറം." അതേക്കുറിച്ച് അന്നത്തെ ആ സങ്കീർണ്ണ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ ആഴത്തിൽ സംസാരിച്ചാൽ ഞാൻ ചിലപ്പോൾ വിതുമ്പിപ്പോകും. കാരണം അത്രമേൽ ദുഃഖപൂരിതമായ ഘട്ടത്തിലൂടെയാണ് കടന്നുപോന്നത്. യു.ജി.സിയുടെ സൗഭാഗ്യങ്ങൾ അനുഭവിക്കുന്ന പുതുതലമുറയിലെ അദ്ധ്യാപകരുടെ ബൈബിളാണ് ഇൗ നോവൽ. എന്റെ തലമുറയിൽപ്പെട്ട അദ്ധ്യാപകർക്കൊക്കെ സമതലങ്ങൾക്കപ്പുറം ഒരു അഗ്നിസമാനമായ അനുഭവം പ്രദാനം ചെയ്ത കൃതിയാണ് എന്നത് വളരെ സത്യസന്ധമായ വസ്തുതയാണ്.
പുരസ്കാരലബ്ധിയെ എങ്ങനെ നോക്കിക്കാണുന്നു?
ഏത് പുരസ്കാരവും സന്തോഷം ഉളവാക്കുന്നതാണ്. അതുപോലെതന്നെ ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്നു. ഞാൻ കോളേജിൽ പഠിപ്പിച്ച കുട്ടികളുടെ സ്നേഹം കാലങ്ങൾക്കപ്പുറം ഇപ്പോൾ അഭിനന്ദനത്തിന്റെ വാക്കുകളുമായി എന്നെത്തേടിയെത്തുന്നു. 1972 ൽ അകലെ ആകാശം എഴുതിയതുമുതൽ ഇന്നോളവും എന്റെ വായനക്കാരുടെ ആത്മാർത്ഥ സ്നേഹം തന്നെയാണ് എന്നെ പുരസ്കാരങ്ങളിലേക്ക് എത്തിച്ചത്. എന്നെങ്കിലും ഇൗ പുരസ്കാരം എന്നെത്തേടിയെത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. പലരും ചോദിക്കുന്നത് ഒരുപാട് വൈകിപ്പോയില്ലേ എന്നാണ്. ഒട്ടും വൈകിയിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. കാരണം ഒാരോ പുരസ്കാരവും നമ്മുടെ കൈകളിലെത്തുന്നതിന് അതിന്റേതായ നിയോഗതിഥിയുണ്ട്. ആ സമയമാകുമ്പോൾ കൃത്യമായി എത്തിച്ചേരും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇതാണ് എനിക്ക് ലഭിക്കേണ്ടതായ സമയം.
താങ്കളെക്കാൾ മുതിർന്ന എഴുത്തുകാരുമായി വല്ലാത്ത ഹൃദയബന്ധം ഉണ്ടായിരുന്നല്ലോ?
പിന്നെ... കേശവദേവ്, ബഷീർ, ഉറൂബ്, എസ്.കെ. പൊറ്റെക്കാട്, ഒ.എൻ.വി, വയലാർ, മലയാറ്റൂർ തുടങ്ങി ഒട്ടേറെ എഴുത്തുകാരുമായി ആത്മബന്ധം ഉണ്ടായിരുന്നു. എന്റെ നാലാഞ്ചിറയിലെ വീട് വയ്ക്കുന്ന സമയത്ത് ദേവ് ചേട്ടൻ നിത്യേന വരുമായിരുന്നു. വീടിന്റെ പുരോഗതികൾ വിലയിരുത്തുമായിരുന്നു. തൊഴിലാളികൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തിരുന്നത് നന്ദിയോടെ ഒാർക്കുന്നു.
ഒട്ടേറെ പ്രസാധകർ താങ്കളുടെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ? അവരോടൊക്കെ ഇന്നും വല്ലാത്ത അടുപ്പമാണെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?
തീർച്ചയായും. നമ്മുടെ ഏതെങ്കിലുമൊരു കൃതി പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ പിന്നെ അവരോടുള്ള ബന്ധം അവസാനിപ്പിക്കുന്ന ആളല്ല ഞാൻ. 'ഹൃദയരാഗങ്ങൾ" പ്രസിദ്ധീകരിച്ചത് ഡി.സി ബുക്സ് ആണ്. ഡി.സി കിഴക്കേമുറിയുമായും ഉണ്ടായിരുന്ന അതേ ഹൃദയബന്ധം രവി ഡി.സിയുമായിട്ടും ഉണ്ട്. അതുപോലെതന്നെ പ്രിയപ്പെട്ടവരാണ് എസ്.പി.സി.എസ്, തുടങ്ങി പലരും. അവരുടെ പ്രസാധനത്തിന്റെ മേന്മ നമ്മുടെ പുസ്തകങ്ങളുടെ വിറ്റുപോക്കിനെ സാരമായി സ്വാധീനിക്കും.
എൻ.വിയുമായി നല്ല ആദരബന്ധത്തിലായിരുന്നില്ലേ?
മറക്കാനാവില്ല അദ്ദേഹത്തെ. ഒരു വിജ്ഞാന പ്രഭുവായിരുന്നു എൻ.വി. ഒരിക്കൽ ഞാൻ അദ്ദേഹത്തിന്റെ വീട്ടിലിരുന്ന് സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് മഴ പെയ്തു. അദ്ദേഹം ഒന്നും പറയാതെ പുറത്തിറങ്ങിപ്പോയി. ഞാൻ നോക്കിയപ്പോൾ അദ്ദേഹം എന്റെ ചെരുപ്പ് സ്വന്തം കൈ കൊണ്ടെടുത്ത് അകത്തുവച്ചു. എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു ''അല്ലെങ്കിൽ മഴനനയും ജോർജേ.. അതാ."" ഞാൻ അന്തംവിട്ടുപോയി. കേരളം കണ്ട ഏറ്റവും വലിയ പ്രതിഭയാണ് അദ്ദേഹം. എനിക്കന്ന് മുപ്പത് വയസിൽ താഴെയാണ് പ്രായം എന്നും ഒാർക്കുന്നു. അദ്ദേഹത്തിന്റെ ഉള്ളിൽ എക്കാലവും ഒരു തികഞ്ഞ ഗാന്ധിതത്വബോധി ഉണ്ടായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഹൃദയരാഗങ്ങളിലേക്ക് ഒാർമ്മകളെ, ജീവിതാനുഭവങ്ങളെ ഇതൾ വിടർത്തണമെന്ന ആഗ്രഹം പൂവണിഞ്ഞതിനെക്കുറിച്ച് ചോദിക്കുന്നതിൽ തെറ്റുണ്ടോ?
ഒരു ആത്മകഥ എഴുതണമെന്ന് ഒരിക്കലും ആഗ്രഹിച്ച ആളല്ല ഞാൻ. കാരണം പി. കുഞ്ഞിരാമൻ നായരുടെയും കെ.പി. കേശവമേനോന്റെയും എൻ. എൻ. പിള്ളയുടെയും പി. കേശവദേവിന്റെയുമൊക്കെ പ്രൗഢോജ്ജ്വലമായ ആത്മകഥകൾ വായിച്ച് ഉൾപ്പുളകംകൊണ്ട എളിയവനാണ് ഞാൻ. അങ്ങനെയുള്ള എനിക്ക് ഇത്തരത്തിൽ ഒരു ആത്മകഥ എഴുതാനുള്ള ആന്തരിക ബലമോ ബൗദ്ധിക സർഗാത്മക പ്രഭാവമോ ഇല്ല എന്നാണെന്റെ പക്ഷം. പക്ഷേ അക്ഷര ദേവതയുടെ അനുഗ്രഹത്താൽ അതങ്ങ് സംഭവിക്കുകയായിരുന്നു. ഒരുപാടുപേർ നല്ല അഭിപ്രായം പറഞ്ഞു. ശ്രദ്ധിക്കപ്പെട്ടു. നന്ദിയുണ്ട് എല്ലാവരോടും.
നിറഞ്ഞ സ്നേഹത്തിന്റെ നനുത്ത നിലാച്ചിരിയുടെ തികഞ്ഞ ഹൃദയാലുവിന്റെ മികച്ച സർഗാത്മക ലാവണ്യത്തിന്റെ സമൂർത്തരൂപമാണ് ജോർജ് ഒാണക്കൂർ. ആ നിലാവ് എന്നും മായാതെ നിൽക്കും ഭൂമിയുടെ വെളിച്ചമായി. ഹൃദയരാഗമായി...
(ലേഖകന്റെ ഫോൺ നമ്പർ:9544465542)