കഥകളും കളികളുമായി കുഞ്ഞ് കിറ്റ് വരുന്നു

Saturday 22 January 2022 3:34 AM IST

കൊച്ചി: അങ്കണവാടി കുട്ടികൾക്കായി കഥാകാർഡുകളും ചെറു കളികളും വർണ്ണചിത്രങ്ങളുമടങ്ങിയ പ്രീ-സ്‌കൂൾ കിറ്റു വിതരണം ഉടൻ ആരംഭിക്കും. 2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാന വനിതാ ശിശു വികസനവകുപ്പിനു കീഴിൽ രജിസ്റ്റർ ചെയ്ത കുട്ടികൾക്കാണ് പ്രീ സ്‌കൂൾ എജ്യൂക്കേഷണൽ കിറ്റ്. കൊവിഡിൽ അങ്കണവാടികൾ തുറക്കാത്തതിനാൽ മൂന്നു മുതൽ ആറു വയസ്സു വരെയുള്ള കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ബൗദ്ധിക വികാസനത്തിനും സഹായിക്കുന്ന ഇനങ്ങളാണ് കിറ്റിലുള്ളത്. ഒരു കുട്ടിക്ക് 150 രൂപ വിലവരുന്ന വസ്തുക്കളുടെ കിറ്റാണ് ലഭിക്കുന്നത്.
വകുപ്പിനു കീഴിലെ 32,986 അങ്കണവാടികളിലും 129 മിനി അങ്കണവാടികളിലുമായി രജിസ്റ്റർ ചെയ്ത 5,26,029 കുട്ടികൾക്കാണ് കിറ്റ്. ഇതിനായി 7.89 കോടി രൂപ അനുവദിച്ചു. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കിറ്റുകൾ വാങ്ങി അങ്കണവാടി വർക്കർ, ഹെൽപ്പർ മുഖേന കുട്ടികളുടെ വീടുകളിലെത്തിക്കും. ഫെബ്രുവരി അഞ്ചിനകം വിതരണം പൂർത്തിയാക്കാനാണ് നിർദ്ദേശം.


കിറ്റ് ഇങ്ങനെ
ചാർട്ട്, ക്രയോൺസ്, കളർ പെൻസിൽ, സോഫ്റ്റ്ബാൾ, പ്രവർത്തന കാർഡുകൾ (വഴി കണ്ടെത്തൽ, കുത്തുകൾ യോജിപ്പിക്കൽ തുടങ്ങിയവ പോലുള്ളത്), ചിത്ര കാർഡുകൾ (കുട്ടികൾക്ക് ഭാഷ സ്വായത്തമാക്കുന്നതിന്), കഥാകാർഡുകൾ, കഥാ ചാർട്ടുകൾ (കുട്ടികളെ ചിത്രങ്ങൾ കാട്ടി വായിച്ചു കേൾപ്പിക്കാവുന്നവ), മനോഹരമായ വർണ്ണചിത്ര കാർഡുകൾ, പക്ഷികളും മൃഗങ്ങളുടെയും ചിത്രങ്ങളടങ്ങിയ മാസ്‌കുകൾ, കട്ടൗട്ടുകൾ (റോൾ പ്ലേ, അഭിനയം തുടങ്ങിയവയ്ക്കുള്ളത്), കളറിംഗ് ബുക്ക് എന്നിവയാണ് കിറ്റിലുള്ളത്.

Advertisement
Advertisement