സിപിഎം സമ്മേളന വിവാദത്തിന് പിന്നാലെ കാസർകോ‌‌ട് ജില്ലാ കളക്ടർ അവധിയിലേക്ക്, വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം

Friday 21 January 2022 7:47 PM IST

കാസർകോട്: സി.പി.എം ജില്ലാ സമ്മേളന വിവാദങ്ങൾക്ക് പിന്നാലെ കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയിൽ പ്രവേശിക്കുന്നു. നാളെ മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. പകരം ചുമതല എ.ഡി.എമ്മിന് നൽകിയിട്ടുണ്ട്. കാസർകോട്ട് കൊവിഡ് വ്യാപനം അതിശക്തമായിരിക്കെയാണ് കളക്ടർ അവധിയിൽ പോകുന്നത്.

നേരത്തെ കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതലുള്ള പൊതുപരിപാടികൾ റദ്ദാക്കിയ കേരള ഹൈക്കോടതി കർശനമായി പാലിക്കണമെന്ന് കളക്ടർ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ കാസർകോട്ടെ സമ്മളേനം സി.പി.എം ഒരു ദിവസമായി വെട്ടിച്ചുരുക്കിയിരുന്നു. ഇന്ന് രാത്രി 10.30 വരെയാണ് സമ്മേളനം നടക്കുക.

ജില്ലയിൽ കളക്ടർ പൊതുയോഗത്തിന് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിൻവലിച്ചത് സിപിഎം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണെന്ന് വിമർശനം ഉയർന്നിരുന്നു.