കുതിരാൻ തുരങ്കത്തിലെ ലൈറ്റുകളും കാറുകളും തകർത്ത ലോറി പിടികൂടി

Friday 21 January 2022 8:45 PM IST

തൃശൂർ : പിൻഭാഗം ഉയർത്തി ഓടിച്ച് കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളും കാമറകളും തകര്‍ത്ത ടോറസ് ലോറി പിടികൂടി. ഇരുമ്പുപാലം സ്വദേശിയുടേതാണ് ലോറി. പീച്ചി പൊലീസാണ് ലോറിയും ഡ്രൈവര്‍ ജിനേഷിനെയും കസ്റ്റഡിയിലെടുത്തത്. ദേശീയപാത നിര്‍മാണത്തിന് കരാറുള്ള ലോറിയാണിതെന്ന് പൊലീസ് പറഞ്ഞു

ഇന്നലെ രാത്രി 8.50 ഓടെയാണ് പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറി പിന്‍ഭാഗം ഉയര്‍ത്തിവച്ച് തുരങ്കത്തിലൂടെ കടന്നുപോയത്. 104 ലൈറ്റുകളും സുരക്ഷാ കാമറകളും പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകളും പൂര്‍ണമായി തകര്‍ന്നിരുന്നു. സംഭവത്തിന് ശേഷം ലോറി നിര്‍ത്താതെ പോവുകയായിരുന്നു. പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. സി.സി ടിവിയില്‍ നിന്ന് ടിപ്പര്‍ ലോറിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നമ്പര്‍ വ്യക്തമല്ലായിരുന്നു. ലൈറ്റുകള്‍ തകര്‍ന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് ടിപ്പര്‍ നിര്‍ത്തുകയും പിന്നീട് പിന്‍ഭാഗം താഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോകുകയും ചെയ്യുകയായിരുന്നു.

അതേസമയം ലൈറ്റുകള്‍ തകര്‍ന്നത് തുരങ്കത്തിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടില്ല. രണ്ടാം തുരങ്കം കഴിഞ്ഞ ദിവസം തുറന്നതോടെ ഒന്നാം തുരങ്കത്തിലെ ഗതാഗതക്കുരുക്ക് കുറഞ്ഞിട്ടുണ്ട്. ലൈറ്റുകള്‍ തകര്‍ന്ന ഭാഗത്ത് ബാരിക്കേഡ് വെച്ച് അധികൃതര്‍ ഒരു ഭാഗത്ത് കൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

Advertisement
Advertisement