കിതച്ചോടി സ്വകാര്യ ബസുകൾ

Saturday 22 January 2022 12:11 AM IST

മലപ്പുറം : ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞ വർഷം ജൂൺ മുതൽ സ്വകാര്യ ബസ് സർവീസ് ആരംഭിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കര കയറാനാവാതെ ബസുടമകൾ. പ്രതിസന്ധികൾക്കിടെ കഴിഞ്ഞ വർഷത്തെ റോഡ് നികുതി സർക്കാരിലേക്ക് അടയ്ക്കണമെന്നതാണ് ബസുടമകളെ വലക്കുന്നത്. റോഡ് നികുതി പൂർണ്ണമായും ഒഴിവാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. നിലവിലെ കൊവിഡ് വ്യാപനം വീണ്ടും ലോക്ക്ഡൗണിലേക്ക് നയിക്കുമോയെന്ന ആശങ്കയും ശക്തമാണ്. ഈ ആഴ്ച മുതൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്.

ലോക്ക്ഡൗണിന് ശേഷവും ജില്ലയിലെ സ്വകാര്യ ബസുകൾക്ക് കാര്യമായ നേട്ടമുണ്ടായില്ലെന്നാണ് ബസുടമകൾ പറയുന്നത്. കൊവിഡ് പ്രതിസന്ധിയിൽ സർവീസുകൾ നടക്കാത്തതിനാൽ ജനുവരി മുതൽ ജൂൺ മാസം വരെയുള്ള നികുതി സർക്കാർ ഒഴിവാക്കിയിരുന്നു. ജൂൺ മുതൽ ഡിസംബർ വരെയുള്ള റോഡ് നികുതി അടയ്ക്കാനാണ് ബസുടമകൾ കഷ്ടപ്പെടുന്നത്. കഴിഞ്ഞ വർഷം ഇളവുകൾ പ്രഖ്യാപിച്ച സമയത്തും ഒറ്റ, ഇരട്ട അക്ക നമ്പർ സംവിധാനം, വാരാന്ത്യ ലോക്ക് ഡൗൺ എന്നിവ നിലനിന്നിരുന്നതിനാൽ ഭൂരിപക്ഷം ബസുകളും നിരത്തിലിറങ്ങിയിരുന്നില്ല. ബസുകളുടെ പരിപാലനവും തൊഴിലാളികളുടെ കൂലിയും ഒടുക്കിയാൽ മറ്റൊന്നും മിച്ചമില്ലാതിരുന്നതാണ് കാരണം.

ഇന്ധന വിലവർദ്ധനയും തിരിച്ചടിയായി

കൂടിയ ഇന്ധനവിലയായിരുന്നു മറ്റൊരു പ്രതിസന്ധി. ഡീസലിന് 64 രൂപയുള്ള സമയത്തെ ബസ് ചാർജാണ് ഇപ്പോഴും വാങ്ങിക്കുന്നതെന്ന് ഉടമകൾ പറയുന്നു. നിലവിൽ 94 രൂപയോളം ഒരു ലിറ്റർ ഡീസലിന് നൽകണം. സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ബസുകളിലെ തിരക്കും കുറഞ്ഞു. സ്കൂൾ വിദ്യാർത്ഥികളും മറ്റുമാണ് ബസുകളിലെ പ്രധാന യാത്രക്കാർ. മാസം തോറുമുള്ള പരിപാലനത്തിന് പോലും പണം കണ്ടെത്താൻ കഴിയുന്നില്ലെന്ന് ഉടമകൾ പറയുന്നു.

അടയ്ക്കേണ്ട റോഡ് നികുതി

1,20,000 രൂപയാണ് ഒരു വർഷത്തിൽ നാല് തവണയായി സർക്കാരിലേക്ക് അടയ്ക്കേണ്ട റോഡ് നികുതി

48 സീറ്റുള്ള ബസിന് 29,910 (ഓരോ തവണയും)

പുതിയ മോഡൽ ബസുകൾക്ക് 36,500 രൂപ

ഫൈനുകൾ ഇങ്ങനെ

ആദ്യഘട്ടം 10%

രണ്ടാംഘട്ടം 25%

മൂന്നാംഘട്ടം 50%

2021ലെ നികുതിയടക്കേണ്ട സമയം മാർച്ച് 31ന് അവസാനിച്ചു

1,200 സ്വകാര്യ ബസുകളാണ് ജില്ലയിലുള്ളത്. ലോക്ക് ഡൗൺ കഴിഞ്ഞെങ്കിലും ബസ് സർവീസിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തെ നികുതി അടക്കാൻ നിർവാഹമില്ല.

വാക്കിയത്ത് കോയ

ബസുടമ

Advertisement
Advertisement