തുടര്‍ച്ചയായി ആറാം തവണയും സുരക്ഷിത നഗരമായി അബുദാബി,​ ഈ ഗൾഫ് നഗരങ്ങളും ടോപ് ടെന്നിൽ

Friday 21 January 2022 10:37 PM IST

അബുദാബി: ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി യു.എ.ഇ തലസ്ഥാനമായ അബുദാബി തുടര്‍ച്ചയായ ആറാം വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ടു. ആഗോള ഡാറ്റാബേസ് സ്ഥാപനമായ നമ്പിയോയുടെ സേഫ്റ്റി ഇന്‍ഡക്‌സാണ് ലോകത്തെ സുരക്ഷിതമായ പത്ത് നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയത്. പട്ടികയില്‍ യു.എ.ഇയിലെ മറ്റു നഗരങ്ങളായ ഷാര്‍ജ നാലാം സ്ഥാനത്തും ദുബായ് എട്ടാം സ്ഥാനത്തുമാണ്. പട്ടികയില്‍ 88.4 ആണ് അബുദാബിയുടെ സേഫ്റ്റി ഇന്‍ഡക്‌സ്.

459 നഗരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. വെബ്‌സൈറ്റിലൂടെ ആളുകള്‍ നല്‍കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. ജീവിതച്ചെലവ്, മലിനീകരണം, സുരക്ഷ, കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ജനങ്ങളില്‍ നിന്നും അഭിപ്രായശേഖരണം നടത്തിയാണ് അന്തിമപട്ടിക പുറത്തുവിട്ടത്.

കുറ്റകൃത്യങ്ങളുടെയും ലഹരിമരുന്നുകളുടെയും കാര്യത്തില്‍ മോശം സ്‌കോറാണ് നേടിയതെങ്കിലും സുരക്ഷയുടെ കാര്യത്തിലെ മികച്ച പ്രകടനമാണ് സിറ്റിയെ പട്ടികയില്‍ മുകളിലെത്തിച്ചത്. ഒറ്റയ്ക്ക് രാത്രിയാത്ര ചെയ്യാന്‍ ഏറ്റവും സുരക്ഷിതമായ രാജ്യം എന്ന ബഹുമതിയും യു.എ.ഇക്ക് ലഭിച്ചിരുന്നു. ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ റിപ്പോര്‍ട്ടിലായിരുന്നു യു.എ.ഇയുടെ ഈ നേട്ടം

Advertisement
Advertisement