കോഴിവളർത്തൽ പച്ചതൊട്ടില്ല, 310 കോടി മുട്ട വരുമ്പോൾ പോകുന്നത് 1500 കോടി

Saturday 22 January 2022 12:00 AM IST

തിരുവനന്തപുരം:നാട്ടിൽ മുട്ടക്കോഴി വളർത്തൽ കൂടിയെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഒരു വർഷം കൊണ്ടുവരുന്നത് 310 കോടി കോഴിമുട്ട. അഞ്ചു വർഷം കൊണ്ട് പാലുല്പാദാനത്തിൽ സ്വയംപര്യാപ്തമായെങ്കിലും മുട്ടയുടെ കാര്യത്തിൽ കേരളം ഏറെ പിന്നിലാണ്. തമിഴ്‌നാട്ടിലെ നാമക്കല്ലിൽ നിന്നാണ് ഏറ്റവും കൂടുതൽ മുട്ട എത്തുന്നത്. കർണ്ണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ നിന്നും കോഴി മുട്ട എത്തുന്നുണ്ട്. കേരളത്തിൽ ഒരു വർഷം 529 കോടി കോഴിമുട്ട ആവശ്യമുണ്ടെന്നാണ് കണക്ക്. നിലവിൽ 218.18 കോടി മുട്ട മാത്രമാണ് നാട്ടിൽ ഉല്പാദിപ്പിക്കുന്നത്. ആവശ്യമുള്ളതിന്റെ 310.88 കോടി കുറവ്. ഇത്രയും കോഴിമുട്ടയ്ക്ക് പുറമെ 40 കോടി താറാവ് മുട്ടകളും പ്രതിവർഷം മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നുണ്ട്. ഇതിലൂടെ 1500 കോടി രൂപയാണ് അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നത്.

കോഴിത്തീറ്റയുടെ

വില വർദ്ധന

₹മുട്ടക്കോഴി വളർത്തലിനായി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിയെങ്കിലും വിജയിക്കാത്തതിന് പ്രധാന കാരണം കോഴിത്തീറ്റയുടെ വില വർദ്ധനയാണ്.മുട്ട വിറ്റാൽപ്പോലും ലാഭമില്ലെന്ന് കർഷകർ പറയുന്നു.

₹ മുട്ട ശേഖരിച്ച് വിപണനം ചെയ്യുന്നതിന് സർക്കാർ തലത്തിൽ സംവിധാനം നിലവിലില്ല. മുട്ട പ്രാദേശിക വിപണികളിൽ വിൽക്കാനാവാതെ ബുദ്ധിമുട്ടുകയാണ് കർഷകർ.

" പ്രാദേശിക കർഷകർ ഉല്പാദിപ്പിക്കുന്ന മുട്ടയ്ക്ക് നിശ്ചിത വില നൽകി വാങ്ങി കെപ്കോ വഴി വിപണിയിലെത്തിക്കണം".

-മുരളീധരൻ,നെടുമങ്ങാട്

കർഷകൻ