കൊവിഡ് തീവ്രവ്യാപനം: നിയന്ത്രണം കടുപ്പിച്ച് കാലിക്കറ്റ് സർവകലാശാല

Saturday 22 January 2022 12:50 AM IST

കോഴിക്കോട്: കൊവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ വൈസ് ചാൻസലർ ഡോ.എം.കെ. ജയരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

വിദ്യാർത്ഥികൾ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ സർവകലാശാല സന്ദർശിക്കുന്നത് ഒഴിവാക്കണം. പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണം. ശനിയാഴ്ച മുതൽ സർവകലാശാലാ പാർക്ക് പ്രവർത്തിക്കില്ല. അടുത്ത രണ്ട് ഞായറാഴ്ചകളിൽ സി.എച്ച്.എം.കെ ലൈബ്രറിയും തുറക്കില്ല.

പരീക്ഷാഭവൻ അവശ്യസേവന മേഖലയായി നിലനിറുത്തുന്നതിന്റെ ഭാഗമായി ജീവനക്കാർ ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ ജോലിയ്ക്കെത്തുന്ന കാര്യം ആലോചിക്കും. ജീവനക്കാർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പുമായി ചേർന്ന് പ്രത്യേകം ക്യാമ്പ് ഒരുക്കുന്നത് പരിഗണിക്കും.

കാമ്പസ് പഠന വകുപ്പുകളിൽ ലാബ് ആവശ്യമില്ലാത്ത ക്ലാസുകൾ ഓൺലൈനാക്കുന്നതും പരിഗണനയിലാണ്. രാത്രി ഒമ്പതരയ്ക്ക് ശേഷം ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നവർ പ്രത്യേകം അനുവാദം വാങ്ങിയിരിക്കണം.

യോഗത്തിൽ പ്രൊ വൈസ് ചാൻസലർ ഡോ.എം.നാസർ, രജിസ്ട്രാർ ഡോ.ഇ.കെ.സതീഷ്, പരീക്ഷാ കൺട്രോളർ ഡോ.സി.സി. ബാബു, ഫിനാൻസ് ഓഫീസർ ജുഗൽ കിഷോർ, സെനറ്റ് അംഗം വിനോദ് എൻ. നീക്കാംപുറത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement