104 മണിക്കൂർ; ചെണ്ടയിൽ കൊട്ടിക്കയറി റെക്കാഡിട്ട് വിഷ്‌ണു

Saturday 22 January 2022 12:14 AM IST
തുടർച്ചയായി 104 മണിക്കൂറിലേറെ ചെണ്ട കൊട്ടി ബെസ്റ്റ് ഓഫ് ഇന്ത്യയുടെ ലോക റെക്കോർഡ് സ്വന്തമാക്കിയ വിഷ്ണു ഒടുമ്പ്രയെ സുഹൃത്തുക്കൾ എടുത്തുയർത്തിയപ്പോൾ

കോഴിക്കോട്: നാലു ദിവസമായി രാപ്പകലില്ലാതെ ടൗൺ ഹാളിൽ ചെണ്ടയിൽ കൊട്ടിക്കയറിയ വിഷ്ണു സ്വന്തമാക്കിയത് ലോക റെക്കോഡ്. 104 മണിക്കൂറിലേറെ കൊട്ടിയാണ് വിഷ്ണു ഒടുമ്പ്ര ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ് കുറിച്ചത്.

17 ന് അർദ്ധരാത്രി 12 ന് തുടങ്ങിയ കൊട്ട് അവസാനിച്ചത് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ. റെക്കോർഡിന്റെ നിമിഷം പിറന്നതും ടൗൺ ഹാൾ മേളപ്പറമ്പായി. ചങ്ങാതിമാർ വിഷ്‌ണുവിനെ എടുത്തുയർത്തി.

സിവിൽ എൻജിനീയറിംഗ് പഠിച്ച വിഷ്ണു ചെണ്ടയോടുള്ള അടങ്ങാത്ത അഭിനിവേശത്തിലാണ് ഈ യജ്ഞത്തിലേക്ക് തിരിഞ്ഞത്. നാലു ദിവസവും ദൂരദിക്കുകളിൽ നിന്നുപോലും നൂറു കണക്കിന് ചെണ്ടപ്രേമികൾ ടൗൺ ഹാളിലെത്തി.
അനുമോദനച്ചടങ്ങ് സംവിധായകൻ രഞ്ജൻ പ്രമോദ് ഉദ്ഘാടനം ചെയ്തു. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് നിരീക്ഷകർ സർട്ടിഫിക്കറ്റും മെഡലും കൈമാറി.