ഗുണ്ടാവേട്ടയ്ക്ക് 'ചോരത്തിളപ്പുള്ള ' എസ്.ഐമാർ ഉടനെത്തും , 120 സ്റ്റേഷനുകളുടെ ഭരണം എസ്.ഐമാർക്ക് തിരികെ നൽകും

Saturday 22 January 2022 12:29 AM IST


തിരുവനന്തപുരം: ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാൻ യുവ എസ്.ഐമാരെ രംഗത്തിറക്കും. ഗുണ്ടകളെ ഓടിച്ചിട്ടു പിടിച്ചിരുന്ന 'ചോരത്തിളപ്പുള്ള ' എസ്.ഐമാർക്ക ഗതാഗതവും വി.ഐ.പി ഡ്യൂട്ടിയുമാണെന്നും ഇൻസ്പെക്ടർ എസ്.എച്ച്.ഒ വന്നതോടെ യുവ എസ്.ഐമാർ ഒതുക്കപ്പെട്ടത് ഗുണ്ടകൾ വളരാനിടയാക്കിയെന്നും 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്ന് സി-കാറ്റഗറിയിലെ 120 സ്റ്റേഷനുകളുടെ ഭരണം എസ്.ഐമാർക്ക് ഉടൻ തിരികെ നൽകാനുള്ള നടപടികൾ പൊലീസ് ആസ്ഥാനം ത്വരിതപ്പെടുത്തി.

രണ്ട് സ്റ്റേഷനുകൾക്ക് സി.ഐയുടെ മേൽനോട്ടമാണ് ഫലപ്രദമെന്ന് വിലയിരുത്തിയ പൊലീസ് ആസ്ഥാനം, എസ്.ഐമാർക്ക് സ്റ്റേഷൻ ഭരണം നൽകുന്നതിനൊപ്പം സി.ഐമാരുടെ മേൽനോട്ടം പുനഃസ്ഥാപിക്കാനും സർക്കാരിനോട് ആവശ്യപ്പെടും. പത്തുവർഷം വരെ എസ്.ഐയായിരുന്ന ശേഷം ഇൻസ്പെക്ടറായവരെ സ്റ്റേഷനിൽ എസ്.ഐ ജോലി ചെയ്യിക്കുകയാണിപ്പോൾ. വളരെ കരുതലോടെ പ്രവർത്തിക്കുന്ന ഇൻസ്പെക്ടർമാർ, ഗുണ്ടകളെ വേട്ടയാടുന്നതിലടക്കം പിന്നാക്കമാണ്. രണ്ടും മൂന്നും എസ്.ഐമാർ സ്റ്റേഷനുകളിലുണ്ടെങ്കിലും അപ്രധാന ചുമതലകളാണ് നൽകുക. സ്റ്റേഷൻ ഭരണം നഷ്ടമായതോടെ എസ്.ഐമാർ ഉശിരുകാട്ടുന്നുമില്ല.

ഗുണ്ടകളെ ഒതുക്കാൻ ഡി.ജി.പി അനിൽകാന്ത് പ്രഖ്യാപിച്ച 'ഓപ്പറേഷൻ കാവൽ' പരാജയപ്പെട്ടു. കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടകളെ നിരീക്ഷിക്കാനും കഴിയുന്നില്ല. ഇതെല്ലാം പരിഗണിച്ചാണ് എസ്.ഐമാർക്ക് സ്റ്റേഷൻ ഭരണം തിരികെനൽകുന്നത്.

എസ്.ഐമാർ വരുമ്പോൾ

കേസുകൾ കുറവുള്ള സി-കാറ്റഗറി സ്റ്റേഷനുകളിലാവും ആദ്യം എസ്.ഐമാരെ ഭരണം തിരിച്ചേൽപ്പിക്കുക.

അടുത്തടുത്തുള്ള സ്റ്റേഷനുകളിലാവും (ലൈൻ സ്റ്റേഷൻ) ആദ്യം എസ്.ഐമാരെ എസ്.എച്ച്.ഒമാരാക്കുക.

രണ്ട് സ്റ്റേഷനുകളുടെ മേൽനോട്ടത്തിന് ഇൻസ്പെക്ടർ. ഒരു സ്റ്റേഷനിൽ ഓഫീസ്.

"യുവ എസ്.ഐമാർ ഗുണ്ടകളെ ഓടിച്ചിട്ട് പിടിക്കുന്നവരാണ്. 120സ്റ്റേഷനുകളിലെങ്കിലും എസ്.ഐമാരെ എസ്.എച്ച്.ഒമാരാക്കാനാണ് ശ്രമിക്കുന്നത്."

-മനോജ് എബ്രഹാം

അഡി.ഡി.ജി.പി, പൊലീസ് ആസ്ഥാനം