ആത്മീയ കേന്ദ്രങ്ങളുടെ വികസനം സാമ്പത്തിക നേട്ടം നൽകും : മോദി

Saturday 22 January 2022 12:42 AM IST

ന്യൂഡൽഹി: ആത്മീയ,​ പൈതൃക കേന്ദ്രങ്ങളുടെ വികസനം അതത് പ്രദേശങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിലെ പുതിയ സർക്കീട്ട് ഹൗസ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടൂറിസത്തിൽ നമുക്ക് അനന്തമായ സാദ്ധ്യതകളുണ്ട്. ആത്മീയ കേന്ദ്രങ്ങൾ ഉദാഹരണമാണ്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം, ദ്വാരക, യു പിയിലെ അയോദ്ധ്യ,മഥുര, കാശി, പ്രയാഗ്, കുശിനഗർ, ഉത്തരാഖണ്ഡിലെ ബദരീനാഥും കേദാർനാഥും ഹിമാചലിലെ ജ്വാലാ ദേവിയും മുതൽ ആന്ധ്രയിലെ തിരുപ്പതി, തമിഴ്നാട്ടിലെ രാമേശ്വരം, കേരളത്തിലെ ശബരിമല വരെ നിരവധി കേന്ദ്രങ്ങൾ നമുക്കുണ്ട്. ഏഴ് വർഷമായി ടൂറിസം സാദ്ധ്യതകൾ സാക്ഷാത്ക്കരിക്കാൻ പ്രയത്നിക്കുകയാണ്. ടൂറിസം മേഖലയിൽ ശുചിത്വം, സൗകര്യം, സമയം, ചിന്ത എന്നിവയിൽ ഊന്നിയുള്ള വികസനമാണ് നടപ്പാക്കുന്നത്. ടൂറിസം മേഖലയിൽ മാത്രമല്ല ആത്മീയ കേന്ദ്രങ്ങളിൽ വരെയുണ്ടായിരുന്ന വൃത്തിഹീനമായ സാഹചര്യം സ്വഛ് ഭാരത് അഭിയാനിലൂടെ മാറ്റി. ഗതാഗതം,​ ഇന്റർനെറ്റ്, ആരോഗ്യ സേവനങ്ങൾ പരമാവധി നൽകുകയാണ്. കുറഞ്ഞ സമയത്ത് കൂടുതൽ സ്ഥലങ്ങളിലെത്താനാണ് സഞ്ചാരികൾ ആഗ്രഹിക്കുന്നത്. പുണ്യനഗരങ്ങളെ ബന്ധിപ്പിച്ച് റെയിൽവേ നിരവധി സൗകര്യങ്ങളൊരുക്കി. സ്വാതന്ത്ര്യാനന്തരം ഡൽഹിയിലെ ഏതാനും കുടുംബങ്ങൾക്ക് വേണ്ടി മാത്രമാണ് നിർമ്മാണങ്ങൾ നടന്നത്. ഡൽഹിയിൽ ബാബാ സാഹേബ് സ്മാരകവും രാമേശ്വരത്ത് എ.പി.ജെ അബ്ദുൽ കലാം സ്മാരകവും നിർമ്മിച്ചത് ഇപ്പോഴത്തെ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കീട്ട് ഹൗസിന്

30 കോടി

സോമനാഥ ക്ഷേത്രത്തിന്റെ ഗസ്റ്റ് ഹൗസ് വളരെ ദൂരെ ആയതിനാലാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ സർക്കീട്ട് ഹൗസ് നിർമ്മിച്ചത്. സ്യൂട്ടുകൾ, വി.ഐ.പി, ഡീലക്സ് മുറികൾ, കോൺഫറൻസ് ഹാളുകൾ,​ ആഡിറ്റോറിയം, ഇന്റർനെറ്റ് എന്നിവ ലഭ്യമാണ്. എല്ലാ മുറികളിൽ നിന്നും കടൽ കാണാം.

Advertisement
Advertisement