കുതിരാൻ ടണലിലെ ലൈറ്റും കാമറകളും തകർത്ത ടോറസ് ലോറി പിടിയിൽ

Saturday 22 January 2022 12:49 AM IST
  • ദേശീയപാത നിർമ്മാണത്തിന് കരാറുള്ള ലോറിയാണിതെന്ന് പൊലീസ്

തൃശൂർ/വടക്കഞ്ചേരി: കുതിരാനിലെ ഇരട്ടടണലുകളുടെ ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ, ടോറസ് ലോറിയുടെ പിൻഭാഗം (ഹൈഡ്രോളിക് ബോഡി) ഉയർത്തി ഓടിച്ച് ഒന്നാം ടണലിലെ എൽ.ഇ.ഡി ലൈറ്റുൾപ്പെടെ തകർത്ത ലോറി പീച്ചി പൊലീസ് പിടികൂടി. ദേശീയപാത നിർമ്മാണത്തിന് കരാറുള്ള ഇരുമ്പുപാലം സ്വദേശിയുടേതാണ് ലോറി.

പീച്ചി പൊലീസാണ് ലോറിയെയും ഡ്രൈവർ ജിനേഷിനെയും കസ്റ്റഡിയിലെടുത്തത്. ലോറി ചുവന്നമണ്ണിൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഓടിക്കൊണ്ടിരിക്കുകയായിരുന്നു. വണ്ടി തിരിച്ചറിഞ്ഞതിനാൽ പീച്ചി സി.ഐ ഷുക്കൂർ വാഹന ഉടമയോട് സ്റ്റേഷനിൽ ഹാജരാകാൻ പറയുകയും തുടർന്ന് ഡ്രൈവർ സ്റ്റേഷനിലെത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് വാഹനവും പിടിച്ചെടുത്തു.
വ്യാഴാഴ്ച രാത്രി 8.50ഓടെയാണ് പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറി പിൻഭാഗം ഉയർത്തിവച്ച് ടണലിലൂടെ കടന്നുപോയത്. 300 മീറ്റർ ദൂരത്തിൽ 104 ലൈറ്റുകൾ, പാനലുകൾ, പത്ത് സുരക്ഷാ കാമറകൾ, പൊടിപടലം തിരിച്ചറിയാനുള്ള സെൻസറുകൾ എന്നിവ പൂർണമായും തകർത്ത ശേഷം ലോറി നിറുത്താതെ പോയി.

പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. സി.സി.ടി.വിയിൽ നിന്ന് ടിപ്പർ ലോറിയുടെ ദൃശ്യം ലഭിച്ചിരുന്നെങ്കിലും നമ്പർ വ്യക്തമായിരുന്നില്ല. തുരങ്കത്തിലെ ലൈറ്റുകൾ മനഃപൂർവം തകർത്തതാണോ അതോ അബദ്ധവശാൽ ഉയർത്തിയതാണോ എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇവരെ ചോദ്യം ചെയ്താലേ ഇക്കാര്യം വെളിപ്പെടൂ. ലൈറ്റ് തകർന്ന് വീഴുന്ന ശബ്ദം കേട്ട് ടിപ്പർ നിറുത്തുകയും പിൻഭാഗം താഴ്ത്തിയ ശേഷം നിറുത്താതെ ഓടിച്ചുപോകുകയുമായിരുന്നു. അതേസമയം ലൈറ്റുകൾ തകർന്നത് ടണലിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടില്ല. രണ്ടാം ടണൽ കഴിഞ്ഞ ദിവസം തുറന്നതോടെ ഒന്നാം ടണലിലെ ഗതാഗതക്കുരുക്ക് കുറഞ്ഞിട്ടുണ്ട്. ലൈറ്റുകൾ തകർന്ന ഭാഗത്ത് ബാരിക്കേഡ് വച്ച് അധികൃതർ ഒരു ഭാഗത്ത് കൂടിയാണ് വാഹനം കടത്തിവിടുന്നത്. കാമറകളും ലൈറ്റും പുനഃസ്ഥാപിക്കാൻ സമയമെടുക്കുമെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു.

Advertisement
Advertisement