അങ്കമാലിയിൽ 58,500 പായ്ക്കറ്റ് ഹാൻസ് പിടിച്ചു

Sunday 23 January 2022 4:56 AM IST
അബ്ദുൾ ജബ്ബാർ

അങ്കമാലി: പിക്കപ്പ് വാഹനത്തിൽ 78 ചാക്കുകളിലായി കടത്തുകയായിരുന്ന 58,500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് അങ്കമാലി പൊലീസ് പിടികൂടി. മാറമ്പിള്ളി സ്വദേശികളായ കൊറ്റനാട്ട് വീട്ടിൽ അബ്ദുൾ ജബ്ബാർ (49), വള്ളോപ്പിള്ളി വീട്ടിൽ ഹുസൈൻ അബ്ദുൾ റഷീദ് (56) എന്നിവരെ അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഹൈവേയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ബംഗളൂരുവിൽ നിന്ന് പാലക്കാട്ടെത്തിച്ച് മറ്റൊരു വാഹനത്തിൽ മാറ്റിക്കയറ്റിയാണ് ഹാൻസ് കൊണ്ടുവന്നത്. എട്ടുലക്ഷം രൂപയ്ക്കാണ് വാങ്ങിയതെന്നും ഇവിടെ വിറ്റാൽ 30 ലക്ഷത്തോളം രൂപ ലഭിക്കുമെന്നും പ്രതികൾ പറഞ്ഞു. പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽക്കുകയായിരുന്നു ലക്ഷ്യം. അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, അക്ബർ എസ്. സാദത്ത്, എ.എസ്.ഐ ടി.വി ജോർജ് , സി.പി. ഒ മഹേഷ് തുടങ്ങിയവർ ചേർന്നാണ് ഇത്പി ടികൂടിയത്.

എറണാകുളം റൂറൽ ജില്ലയിൽ മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങൾ, വ്യാജ മദ്യം എന്നിവയുടെ വിൽപ്പനയും വിതരണവും ഉപയോഗവും തടയുന്നതിന് മൂന്ന് ദിവസമായി നടത്തി വന്ന സ്പെഷ്യൽഡ്രൈവിൽ 52 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്ക്മരുന്ന് നിരോധന നിയമ പ്രകാരം 8 കേസുകളും അബ്കാരി നിയമ പ്രകാരം 14 കേസുകളും നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിന്ൽ 30 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.