സീ പ്ളെയിൻ ജപ്തിയും ലേലവും: പൊലിഞ്ഞത് ടൂറിസത്തിലെ വൻ വികസനസ്വപ്‌നം

Sunday 23 January 2022 3:44 AM IST

കൊച്ചി: ലക്ഷദ്വീപുകാർ ഏറ്റവുമധികം പ്രയാസം നേരിടുന്നത് ഗതാഗത രംഗത്താണ്. ലക്ഷദ്വീപിനാകട്ടെ വികസനട്രാക്കിൽ മുന്നേറാൻ വലിയ പ്രതീക്ഷകളുള്ളത് ടൂറിസത്തിലും. ലക്ഷദ്വീപിന്റെ ഗതാഗത പ്രശ്നം പരിഹരിക്കാനും ടൂറിസത്തിന് കുതിപ്പേകാനും ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച ജലവിമാന (സീ പ്ളെയിൻ) പദ്ധതിക്കാണ് സീബേർഡ് സീപ്ളെയിനിന്റെ ജപ്‌തിയും ലേലവുംവഴി തിരശീല വീണത്.

മലയാളി പൈലറ്റുമാരായ ക്യാപ്‌റ്റൻ സുധീഷ് ജോർജും ക്യാപ്‌റ്റൻ സൂരജും ചേർന്ന് 2014ലാണ് കൊച്ചിയിൽ സീബേർഡ് കമ്പനിക്ക് തുടക്കമിട്ടത്. 2015ൽ അമേരിക്കൻ വിമാനനിർമ്മാണ കമ്പനിയായ ക്വസ്‌റ്റിൽ നിന്ന് 15 കോടി രൂപയ്ക്ക് വാങ്ങിയ 'കോഡിയാക് 100" എന്ന 9-സീറ്റർ വിമാനം ക്യാപ്‌റ്റൻ സുധീഷ് നേരിട്ട് അമേരിക്കയിൽ നിന്ന് പറത്തിക്കൊണ്ടു വരികയായിരുന്നു.

2015ൽ ലൈസൻസ് തേടി ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷനെ (ഡി.ജി.സി.എ) സമീപിച്ചു. എന്നാൽ, നിസാര കാരണങ്ങൾ പോലും ചൂണ്ടിക്കാട്ടി ഡി.ജി.സി.എ ലൈസൻസ് നൽകുന്നത് വൈകിപ്പിക്കുയായിരുന്നുവെന്ന് ക്യാപ്‌റ്റൻ സുധീഷ് 'കേരളകൗമുദി"യോട് പറഞ്ഞു. ഓപ്പറേഷൻ മാനുവലിലെ അക്ഷരങ്ങളിൽപ്പോലും കുറ്റംകണ്ടെത്തി. തെറ്റുകൾ തിരുത്തി വീണ്ടും അപേക്ഷിച്ചെങ്കിലും ലൈസൻസ് ലഭിച്ചില്ല.

ഒടുവിൽ, പ്രതീക്ഷകളെല്ലാം മങ്ങി. 2014 മേയിൽ കമ്പനി ഫെഡറൽ ബാങ്കിൽ നിന്ന് 4.15 കോടി രൂപ വായ്‌പ എടുത്തിരുന്നു. 2016 ഒക്‌ടോബറിൽ വായ്‌പ കിട്ടാക്കടമായി. നിലവിൽ ആറുകോടി രൂപയ്ക്കുമേലാണ് വായ്‌പാ ബാദ്ധ്യത. ബാങ്ക് ചെന്നൈയിലെ നാഷണൽ കമ്പനി ലാ ട്രൈബ്യൂണലിനെ സമീപിച്ച് കണ്ടുകെട്ടൽ നടപടിക്ക് തുടക്കമിട്ടു. ട്രൈബ്യൂണൽ നിയമിച്ച ലിക്വിഡേറ്ററാണ് വിമാനം ഏറ്റെടുത്ത് ലേലത്തിന് വച്ചത്. 2020ൽ മൂന്നുതവണ ലേലത്തിന് വച്ചെങ്കിലും ആരുംവന്നില്ല. ഒടുവിൽ, ഈമാസം 12ന് നടന്ന ലേലത്തിൽ അമേരിക്കൻ പൗരനാണ് 3.10 കോടി രൂപയ്ക്ക് വിമാനം സ്വന്തമാക്കിയത്.

ലക്ഷ്യമിട്ട പദ്ധതി

ലക്ഷദ്വീപിലെ ദ്വീപസമൂഹങ്ങളെ ബന്ധിപ്പിച്ച് ഗതാഗതവും ടൂറിസവുമായിരുന്നു സീബേർഡ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ദ്വീപുകാർക്ക് ഇത് വലിയ നേട്ടമാകുമായിരുന്നു. ഒട്ടേറെ റിസോർട്ട് സംരംഭകരും സീബേർഡുമായി സഹകരിക്കാൻ താത്പര്യം അറിയിച്ചിരുന്നു.

ലക്ഷദ്വീപുകാർക്ക് എയർ ആംബുലൻസായും അപകടവേളകളിൽ അടിയന്തര രക്ഷാദൗത്യങ്ങൾക്കും സീ പ്ളെയിൻ ഉപയോഗിക്കാമായിരുന്നു. വലിയ പ്രവർത്തനലാഭം ലഭിക്കുമായിരുന്ന പദ്ധതി പക്ഷേ, ലൈസൻസ് കിട്ടാതായതോടെ പൊലിഞ്ഞു.

ചരിത്രപ്പറക്കൽ

അമേരിക്കയിൽ നിന്ന് 80 മണിക്കൂർ പറത്തിയാണ് സീ പ്ളെയിൻ ക്യാപ്‌റ്റൻ സുധീഷ് ഇന്ത്യയിലെത്തിച്ചത്. വിശ്രമത്തിനും ഇന്ധനം നിറയ്ക്കാനുമായി വഴിമദ്ധ്യേ 20ഓളം സ്ഥലങ്ങളിൽ നിറുത്തി.

കേരളത്തിലെത്തിച്ച ശേഷം മൂന്നോ നാലോ തവണ ശ്രീലങ്കയിലേക്കും ഒരിക്കൽ ലക്ഷദ്വീപിലേക്കും പറന്നതല്ലാതെ സീബേർഡ് സീ പ്ളെയിൻ ആകാശം കണ്ടിട്ടില്ല. ഇന്ത്യയിലെ നിയമപ്രകാരം ഏഴ് ദിവസത്തിലധികം വിദേശ രജിസ്‌ട്രേഷനുള്ള സീ പ്ളെയിൻ ഇവിടെ പാർക്ക് ചെയ്യാനാവില്ല. ഇതുമൂലമാണ് ഇടയ്ക്ക് ശ്രീലങ്കയിലേക്ക് പറന്നത്. വിമാനം ഇപ്പോൾ കൊച്ചി വിമാനത്താവളത്തിലാണുള്ളത്.

മോദിയുടെ കോഡിയാക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ സബർമതി നദിയിലൂടെയുള്ള യാത്രയ്ക്ക് ഉപയോഗിച്ചതും ക്വസ്‌റ്റിന്റെ കോഡിയാക് സീ പ്ളെയിനാണ്. ഈ വിമാനവും വിദേശ രജിസ്‌ട്രേഷനുള്ളതായിരുന്നു. തുടർച്ചയായി ഏഴുദിവസത്തിലധികം ഇന്ത്യയിൽ ഉപയോഗിക്കാനാവില്ലെന്ന ചട്ടമുള്ളതിനാൽ വിമാനം അടിയന്തരമായി വിദേശത്തേക്ക് മാറ്റേണ്ടിവന്നു. ഇത്, ഗുവഹാത്തിയിൽ നിന്ന് ബംഗ്ളാദേശിലെ ചിറ്റഗോംഗിലേക്ക് മാറ്റാനുള്ള നിയോഗവും ക്യാപ്‌റ്റൻ സുധീഷിനായിരുന്നു.

Advertisement
Advertisement