മണ്ണ് മാഫിയയുമായി ബന്ധം: ഏഴ് പൊലീസുകാർക്ക് സസ്‌പെൻഷൻ

Sunday 23 January 2022 12:50 AM IST

തൃശൂർ: മണ്ണ് മാഫിയയുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഏഴ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. കുന്നംകുളം സ്റ്റേഷനിലെ എ.എസ്.ഐമാരായ ഗോകുലൻ, ജോയ് താേമസ്, സീനിയർ സി.പി.ഒ അബ്ദുൾ റഷീദ്, സി.പി.ഒമാരായ ഷിബിൻ, ഷജീർ, ഹരികൃഷ്ണൻ, എരുമപ്പെട്ടി സ്റ്റേഷനിലെ ഡ്രൈവർ നാരായണൻ എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ ഇന്നലെ വൈകിട്ട് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

മണ്ണ് മാഫിയകൾക്ക് പൊലീസ് അന്വേഷണം സംബന്ധിച്ച വിവരം ചോർത്തിക്കൊടുത്തുവെന്നും പണം കൈപ്പറ്റിയെന്നും അടക്കമുളള പരാതികൾ ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇത് ശരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്. ഇവർക്കെതിരേ വകുപ്പുതല അന്വേഷണവും നടക്കും.