നാഥനില്ലാ വില്ലേജ് ഓഫീസിൽ നടന്നു തളർന്ന് ജനം

Sunday 23 January 2022 12:08 AM IST
ചേ​വാ​യൂ​ർ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സി​ന് മുന്നിൽ വിവിധ സംഘടനകൾ പതിച്ച പ്രതിഷേധ പോസ്റ്ററുകൾ

കോഴിക്കോട്: ചേവായൂർ വില്ലേജ് ഓഫീസിൽ ഓഫീസറില്ലാത്തതിന്റെ ദുരിതം ഇനിയും ഒഴിഞ്ഞില്ല. ക്ഷമ നശിച്ച നാട്ടുകാർ മൂന്ന് ദിവസം മുമ്പ് വില്ലേജ് ഓഫീസ് ഉപരോധിച്ചതോടെ തിരക്കിട്ട് കച്ചേരി വില്ലേജിൽ നിന്ന് സ്പെഷ്യൽ വില്ലേജ് ഓഫീസറെ നിയമിച്ചെങ്കിലും കാര്യങ്ങളിപ്പോഴും പഴയപടി.

വെള്ളിമാ‌ട്കുന്ന് - മാനാഞ്ചിറ റോഡ് വികസനത്തിന് ഏറ്റെടുത്ത ഭൂമിയുടെ പണം നൽകിയതിൽ വീഴ്ച വരുത്തിയതിന് ചേവായൂർ വില്ലേജ് ഓഫീസറെ ചേളന്നൂർ വില്ലേജിലേക്ക് മാറ്റിയതോടെയാണ് പ്രതിസന്ധിക്ക് തുടക്കം. പകരം നിയമിച്ച വില്ലേജ് ഓഫീസറാകട്ടെ നീണ്ട അവധിയിൽ പ്രവേശിക്കുകയും ചെയ്തു. ഇതോടെ ചുമതല സ്പെഷ്യൽ വില്ലേജ് ഓഫീസർക്കായി . വില്ലേജിന്റെ ചുമതല ലഭിച്ചതോടെ സ്പെഷ്യൽ വില്ലേജ് ഓഫീസറും അവധിയിൽ പോയി.

ഇപ്പോൾ വേങ്ങേരി, നെല്ലിക്കോട് വില്ലേജ് ഓഫീസർമാർ മാറിമാറിയാണ് ചേവായൂർ വില്ലേജിന്റെ ചുമതല നിർവഹിക്കുന്നത്. അവരുടെ വില്ലേജിന്റെ ജോലി കഴിഞ്ഞ് വൈകിട്ട് മൂന്ന് മണിക്ക് ചേവായൂരിൽ എത്തുമ്പോഴും ജനങ്ങൾ കാത്തിരുന്ന് മടുത്തിരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മണിക്കൂറുകളാണ് ആളുകൾക്ക് ഓഫീസിന് മുന്നിൽ കാത്തിരിക്കേണ്ടി വരുന്നത്.

കുറെ കാലമായി വില്ലേജിൽ നിന്ന് സർട്ടിഫിക്കറ്റൊന്നും നൽകാത്തതിനാൽ പിടിപ്പത് പണിയാണ് മാറിമാറി വരുന്ന ഈ വില്ലേജ് ഓഫീസർമാർക്ക്. അതുകൊണ്ടു തന്നെ അത്യാവശ്യമായ സർട്ടിഫിക്കറ്റുകൾ മാത്രമാണ് ഇപ്പോൾ നൽകുന്നത്. എന്നാൽ അതുപോലും ലഭിക്കാൻ പലതവണ ഓഫീസിലെത്തണം. വിശദ പരിശോധനയ്ക്കുശേഷം ലഭിക്കേണ്ട സർട്ടിഫിക്കറ്റുകളെല്ലാം മാറ്റി വയ്ക്കുകയാണ്. അവധിയിലുള്ള വില്ലേജ് ഓഫീസറെ മാറ്റി സ്ഥിരമായൊരു ഓഫീസറെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement
Advertisement