ആർ. ചന്ദ്രശേഖരൻ വീണ്ടും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്
കൊച്ചി: ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റായി ആർ. ചന്ദ്രശേഖരൻ തുടർച്ചയായ നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ചന്ദ്രശേഖരന് വേണ്ടി 14 ജില്ലാ കമ്മിറ്റികളും 7 വ്യക്തികളും ചേർന്ന് 21 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിരുന്നു. കെ.കെ. ധർമ്മരാജന് വേണ്ടി സമർപ്പിക്കപ്പെട്ട രണ്ടു പത്രികകളും സൂക്ഷ്മ പരിശോധനയിൽ തള്ളിയതിനെ തുടർന്ന് ചന്ദ്രശേഖരൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഐ.എൻ.ടി.യു.സിയിൽ അഫിലിയേറ്റ് ചെയ്ത 472 യൂണിയനുകളിൽ ഓരോയൂണിയനിൽ നിന്നും 100 പേർക്ക് ഒരാളെന്ന കണക്കിൽ ജില്ലാ പ്രതിനിധികളെ തിരഞ്ഞെടുത്ത് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകിയിരുന്നു.
മാതൃകയാക്കാവുന്ന തരത്തിലാണ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയതെന്ന് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
സംസ്ഥാന റിട്ടേണിംഗ് ഓഫീസർ വി.ആർ. ജഗന്നാഥൻ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ തമ്പി കണ്ണാട്, ക്രെഡൻഷ്യൽ കമ്മിറ്റി കൺവീനർ വി.എ. ജോസഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.