ഇന്ന് വീട്ടിലിരിക്കാം; വാഹനം പിടിച്ചെടുക്കും

Sunday 23 January 2022 12:19 AM IST

തിരുവനന്തപുരം: കൊവിഡ് മൂന്നാംതരംഗം അതിരൂക്ഷമായ സംസ്ഥാനത്ത് ഇന്ന് ഏർപ്പെടുത്തിയിട്ടുള്ള ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പൊലീസ് ഇറങ്ങും. ആൾക്കൂട്ടം ഒഴിവാക്കുകയാണ് ലക്ഷ്യം. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർക്ക് പങ്കെടുക്കാം. ഹോം ഡെലിവറി സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ, മാദ്ധ്യമ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.

അനാവശ്യമായി സഞ്ചരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് പിഴചുമത്തും. മതിയായ രേഖകൾ ഉണ്ടെങ്കിൽ യാത്ര അനുവദിക്കും.

കെ.എസ്.ആർ.ടി.സി അത്യാവശ്യ സർവീസുകൾ നടത്തും.

ബെവ്കോ ഔട്ട് ലെറ്റുകൾ പ്രവർത്തിക്കില്ലെന്ന് ബെവ്കോ എം.ഡി.ശ്യാംസുന്ദർ അറിയിച്ചു. കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപ്പനശാലകൾ, ബിയർ ആന്റ് വൈൻ പാർലറുകൾ,​ ബാറുകൾ എന്നിവയ്ക്കും ഞായർ ലോക്ക്ഡൗൺ ബാധകമാണെന്ന് എക്സൈസ് എൻഫോഴ്സ്‌മെന്റ് വിഭാഗം ഡെപ്യൂട്ടികമ്മിഷണർ അറിയിച്ചു .ഈ മാസം 30നും മദ്യശാലകൾ തുറക്കില്ല.

പി.എസ്‌.സി പരീക്ഷകൾ മാറ്റിയിട്ടുണ്ട്. മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ 27 ലേക്കും മാറ്റി. ലാബോട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് തസ്തികളുടെ പരീക്ഷകൾ 28ലേക്കും 30ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അതോറിട്ടിയിലെ ഓപ്പറേറ്റർ തസ്‌തികയുടെ പരീക്ഷ ഫെബ്രുവരി നാലിലേക്കുമാണ് മാറ്റിയത്.