കഴിഞ്ഞവർഷം പിറന്നത് 2,251 സ്‌റ്റാർട്ടപ്പുകൾ

Sunday 23 January 2022 2:01 AM IST

കൊച്ചി: ഇന്ത്യയിൽ 2021ൽ സ്ഥാപിക്കപ്പെട്ടത് 2,251 സ്‌റ്റാർട്ടപ്പുകൾ. 39 ശതമാനമാണ് വളർച്ചയെന്ന് നാഷണൽ അസോസിയേഷൻ ഒഫ് സോഫ്‌റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനീസ് (നാസ്‌കോം) വ്യക്തമാക്കി. ടെക്‌നോളജി രംഗത്ത് ഇന്ത്യയിൽ 26,000ഓളം സ്‌റ്റാർട്ടപ്പുകൾ ഇപ്പോഴുണ്ട്.

ഇവയിൽ 12 ശതമാനം സേവനം നൽകുന്നത് ആഗോളതലത്തിൽ കൂടിയാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഏറ്റവുമധികം വളർച്ച (39 ശതമാനം) കുറിച്ചത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്‌ഠിത സ്‌റ്റാർട്ടപ്പുകളാണ്. ഇന്റർനെറ്റ് ഒഫ് തിംഗ്‌സ് (ഐ.ഒ.ടി), ബിഗ് ഡേറ്റ, അനലിറ്റിക്‌സ് എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്.

സ്‌റ്റാർട്ടപ്പ് വിശേഷങ്ങൾ

15%

ഇന്ത്യയിൽ കുറഞ്ഞത് 10-15% സ്‌റ്റാർട്ടപ്പുകളിലെ സ്‌ഥാപകരിൽ വനിതകളുമുണ്ട്. ഇതിൽ 10 യുണീകോൺ കമ്പനികളും ഉൾപ്പെടുന്നു.

135

ഇന്ത്യയിൽ 135 സൂണികോൺസ് (വൈകാതെ യൂണികോൺ ആകാൻ സാദ്ധ്യതയുള്ളവ) ഉണ്ടെന്നാണ് നാസ്‌കോമിന്റെ കണക്ക്. 100 കോടി ഡോളറിനുമേൽ നിക്ഷേപമൂല്യമുള്ളവയാണ് യുണീകോണുകൾ.

$2,410 കോടി

കഴിഞ്ഞവർഷം ഇന്ത്യൻ സ്‌റ്റാർട്ടപ്പുകൾ സമാഹരിച്ച നിക്ഷേപം. കൊവിഡിന് മുമ്പത്തേക്കാൾ രണ്ടുമടങ്ങ് അധികമാണിത്. 10 കോടി ഡോളറിനുമേലുള്ള നിക്ഷേപ ഇടപാടുകൾ മൂന്നു മടങ്ങ് ഉയർന്നു.