സംസ്ഥാനത്ത് ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന അവസ്ഥ, ടി പി ആര്‍ നോക്കേണ്ടെന്ന് പറയുന്നത് ഇരട്ടത്താപ്പ്: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിൽ നിലവിൽ നടക്കുന്നത് ഓൺലൈൻ ഭരണമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ ഓഫീസിൽ പോലും വരുന്നില്ല. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ബദൽ സംവിധാനം ഒരുക്കിയില്ല. സർക്കാരിന്റേത് ജനവഞ്ചനയാണ്. ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയാണ്. കൊവിഡിന്റെ മറവിലെ തീവെട്ടിക്കൊള്ള ഇനിയും പുറത്തുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൊവിഡ് കാട്ടുതീ പോലെ പടരുന്നു. പാർട്ടി പരിപാടികൾ കൊഴുപ്പിക്കാൻ നടത്തുന്ന താല്പര്യം രോഗപ്രതിരോധിക്കാൻ കാണിക്കുന്നില്ല. സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കുന്നവർക്കും കൊവിഡ് വരുന്നത് വ്യാപനം രൂക്ഷമായത് കൊണ്ടാണ്. കൊവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'സർക്കാരിൻ്റെ താല്പര്യം പാർട്ടി താല്പര്യം മാത്രമാണ്. ഇത് വഞ്ചനയാണ്. ഇപ്പോൾ സമ്മേളനങ്ങൾക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്. 25 ന് തിരഞ്ഞെടുപ്പായത് കൊണ്ടാണ് കോളേജ് അടയ്ക്കാത്തത്. കുടുംബശ്രീ തിരഞ്ഞെടുപ്പും നടക്കുന്നു. കുടുംബശ്രീയിൽ അധിപത്യം സ്ഥാപിക്കാൻ കൊവിഡ് സമയത്തും വ്യഗ്രതയാണ്. ഉദ്യോഗസ്ഥർ എത്ര മാത്രം സമ്മർദ്ദത്തിന് വിധേയമാകുന്നു എന്നതിന് തെളിവാണ് കാസർകോട് കളക്ടറുടെ നടപടി. പണ്ട് അഞ്ച് പേർ സമരം ചെയ്തപ്പോൾ ഭക്ഷണം കൊടുക്കാൻ പോയതിന് മരണത്തിൻ്റെ വ്യാപാരികൾ എന്ന് ആക്ഷേപിച്ചു. നിയന്ത്രണങ്ങൾ പാലിച്ച് മാത്യക കാണിക്കേണ്ട പാർട്ടിയാണ് ലംഘിക്കുന്നത്. ടിപി ആർ കാണിച്ചായിരുന്നു നേരത്തെ കേരളം ഒന്നാമതെന്ന് പറഞ്ഞിരുന്നത്. ഇന്ന് ടി പി ആർ നോക്കേണ്ടെന്ന് മന്ത്രി പറയുന്നു. കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ ടി പി ആർ വേണ്ടെന്ന് പറയുന്നു. ഇത് ഇരട്ടത്താപ്പാണ്. കഴിഞ്ഞ ദിവസം രാത്രി കൊവിഡ് ബാധിച്ച മാദ്ധ്യമ പ്രവർത്തകൻ സ്വകാര്യ ഹോസ്പിറ്റലഇൽ ഉൾപ്പെടെ ചികിത്സക്ക് എത്തിയിട്ടും മണിക്കൂറുകളോളം ആംബുലൻസിൽ കഴിയേണ്ടിവന്നത് സർക്കാർ കണ്ണ് തുറന്നു കാണണം' എന്നും രമേശ് ചെന്നിത്തല പറഞ്ഞു.