ജനുവരിയിൽ രജിസ്ട്രേഷനിൽ വർദ്ധനവ് ഇ​ല​ക്ട്രി​ക്കിലേക്ക് ജില്ല

Monday 24 January 2022 12:12 AM IST

മലപ്പുറം: പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് വേഗം കൂട്ടി ജില്ല. ജനുവരി ഒന്ന് മുതൽ ഇതുവരെ 170 വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. 2021 ജനുവരിയിൽ ആകെ 81 വാഹനങ്ങളേ രജിസ്റ്റർ ചെയ്തിരുന്നുള്ളൂ. ജില്ലയിൽ കൂടുതൽ ഇടങ്ങളിൽ ചാർജ്ജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിന് വേഗം കൂടിയതും ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം കൂട്ടുന്നുണ്ട്. ഡീസൽ വാഹനങ്ങളുടെ എണ്ണം കുറഞ്ഞപ്പോൾ പെട്രോൾ വാഹനങ്ങളുടെ കാര്യത്തിൽ വലിയ വ്യത്യാസമില്ല.

സി.എൻ.ജി വാഹനങ്ങൾക്ക് നവംബർ,​ ഡിസംബർ മാസങ്ങളിലുണ്ടായ അത്ര ആവശ്യകത ജനുവരിയിലില്ല. സി.എൻ.ജി ഇന്ധന പമ്പുകളുടെ കുറവ് മൂലം നിലവിൽ വാഹനം വാങ്ങിയവർ പ്രയാസത്തിലാണ്. ഇതിനൊപ്പം സി.എൻ.ജിയുടെ വില ഉയരുന്നതും തിരിച്ചടിയാണ്. 43 സി.എൻ.ജി വാഹനങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. ഇതിന് പുറമെ സി.എൻ.ജിയും പെട്രോളും ഉപയോഗിക്കാൻ കഴിയുന്ന 35 വാഹനങ്ങളും നിരത്തിലിറങ്ങി. പാസഞ്ചർ ഓട്ടോറിക്ഷകളാണ് സി.എൻ.ജി വാഹനങ്ങളിൽ ഭൂരിഭാഗവും. ഇലക്ട്രിക് വാഹനങ്ങളിൽ കാറുകളാണ് കൂടുതൽ. പ്രാധാന നഗരങ്ങൾ കേന്ദ്രീകരിച്ച് കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് ജില്ലയിൽ തുടക്കമായിട്ടുണ്ട്.

മുന്നിൽ തിരൂരങ്ങാടി

ജില്ലയിലെ ആർ.ടി ഓഫീസുകളിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തത് തിരൂരങ്ങാടി ജോയിന്റ് ആർ.ടി ഓഫീസിന് കീഴിലാണ്. 39 വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. പെരിന്തൽമണ്ണ - 22,​ നിലമ്പൂ‌ർ - 23,​ കൊണ്ടോട്ടി - 27,​ പൊന്നാനി - 10,​ തിരൂർ - 25 എന്നിവയ്ക്ക് പുറമെ മലപ്പുറം ആർ.ടി ഓഫീസിൽ 24 വാഹനങ്ങളും രജിസ്റ്റർ ചെയ്തു.

ജനുവരിയിൽ രജിസ്റ്റർ ചെയ്തത്

ഡീസ‍ൽ വാഹനങ്ങൾ- 228

പെട്രോൾ വാഹനങ്ങൾ - 3,​048

Advertisement
Advertisement