മാവേലി സ്റ്റോർ നടത്തിപ്പ് കൂടുതൽ അധികാരങ്ങൾ ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾക്ക്​

Monday 24 January 2022 12:41 AM IST

 താത്കാലിക ജീവനക്കാർ കുടുംബശ്രീ വഴി മാത്രം

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാടക നൽകുന്നതോ വാടകരഹിതമായി കെട്ടിടം നൽകിയിട്ടുള്ളതോ ആയ സപ്ലൈകോ മാവേലി സ്റ്റോറുകളിലെ താത്കാലിക ജീവനക്കാരുടെ നിയമനം ഉൾപ്പെടെ ദൈനംദിന പ്രവർത്തനത്തിൽ ഗ്രാമപഞ്ചായത്ത്, നഗരസഭകൾക്ക് കൂടുതൽ അധികാരം കൈമാറുന്നു. മാവേലി സ്റ്റോറുകളുടെ പ്രവർത്തനം തദ്ദേശ സ്ഥാപനങ്ങളുടെ കൂടി ചുമതലയിൽ ചിട്ടപ്പെടുത്തണമെന്ന വകുപ്പു മന്ത്രിമാരുടെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദാംശങ്ങൾ പരിശോധിച്ച തദ്ദേശസ്വയംഭരണ വകുപ്പ് കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് താത്കാലിക ജീവനക്കാരുടെ നിയമനം ഉൾപ്പെടെ കൂടുതൽ ശുപാർശകൾ കൂട്ടിച്ചേർത്തത്.

ഇതനുസരിച്ചാണ് മാവേലി സ്റ്റോറുകളുടെ നടത്തിപ്പിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ ചുമതലകൾ കൈമാറുന്നത്. സ്റ്റോർ പ്രവർത്തിക്കുന്ന സ്ഥലം, കെട്ടിടത്തിന്റെ വാടക, കെട്ടിടമാറ്റം, പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ എന്നിവ തീരുമാനിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടായിരിക്കും. ഗ്രാമപഞ്ചായത്ത്, നഗരസഭ അദ്ധ്യക്ഷൻ ചെയർമാനും ബന്ധപ്പെട്ട സപ്ലൈകോ ഡിപ്പോ മാനേജർ കൺവീനറുമായ സമിതി ഇത്തരം കാര്യങ്ങൾ കൂട്ടായി ചർച്ചചെയ്ത് തീരുമാനിക്കണം. പൊതുവിതരണ സമ്പ്രദായം കൈകാര്യം ചെയ്യുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, മാവേലി സ്റ്റോർ പ്രവർത്തിക്കുന്ന വാർഡിലെ മെമ്പർ, മാവേലി സ്റ്റോറിന്റെ മാനേജർ, സി.ഡി.എസ് ചെയർപേഴ്സൺ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിടം ലഭ്യമാക്കുന്ന കാലത്തോളം മാവേലി സ്റ്റോറിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ സപ്ലൈകോയ്ക്ക് അധികാരമില്ല.

 കൂടുതൽ ശുപാർശകൾ

 തദ്ദേശസ്ഥാപനങ്ങൾ വാടക നൽകുന്ന മാവേലി സ്റ്റോറുകളിലെ താത്കാലിക ജീവനക്കാരെ കുടുംബശ്രീ സി.ഡി.എസ് മുഖേന തിരഞ്ഞെടുക്കണം

 ഗ്രാമപഞ്ചായത്ത്, നഗരസഭ, കുടുംബശ്രീ, ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനി എന്നിവയുടെ ഉത്പന്നങ്ങൾ മാവേലി സ്റ്റോറുകൾ വഴി വിറ്റഴിക്കാൻ സൗകര്യമൊരുക്കണം

 മാവേലി സ്റ്റോറിന്റെ ബോർഡിൽ തദ്ദേശ സ്ഥാപനത്തിന്റെ പേര് ഉൾപ്പെടുത്തണം

 മാവേലി സ്റ്റോർ പ്രവർത്തിക്കുന്ന കാലമത്രയും തദ്ദേശ സ്ഥാപനങ്ങൾ വാടകയായോ വാടകരഹിതമായോ കെട്ടിടം നൽകണം

Advertisement
Advertisement