രജിത ചോദിക്കുന്നു, സ്ത്രീകൾക്ക് തുറന്നു തരുമോ കൂത്തുമാടങ്ങൾ?

Monday 24 January 2022 12:00 AM IST

പെൺപാവക്കൂത്ത് സംഘം

തൃശൂർ: ധീരവനിതകളുടെ തോൽപ്പാവകളുമായി സ്ത്രീ സമത്വത്തെക്കുറിച്ചുള്ള പാവക്കൂത്ത് അവതരിപ്പിച്ചു കഴിയുമ്പോൾ രജിതയുടെ മനസിൽ ഒരു ചോദ്യമുയരും. ക്ഷേത്രങ്ങളിലെ കൂത്തുമാടങ്ങൾ എന്നാണ് സ്ത്രീകൾക്ക് കൂത്ത് അവതരിപ്പിക്കാൻ തുറന്നു കിട്ടുക?

ആദ്യമായി സ്ത്രീകളുടെ കൂത്ത് സംഘമുണ്ടാക്കുകയും സ്ത്രീസമത്വ സന്ദേശവുമായി 25 മിനിറ്റ് 'പെൺപാവക്കൂത്ത്' അവതരിപ്പിക്കുകയും ചെയ്ത രജിതയുടെയും സംഘത്തിന്റെയും ലക്ഷ്യവും മറ്റൊന്നല്ല. കഴിഞ്ഞമാസം പാലക്കാട്ടായിരുന്നു അവതരണം.

പാവക്കൂത്ത് കലാകാരനായ ഷൊർണൂർ കൂനത്തറയിലെ പത്മശ്രീ രാമചന്ദ്രപ്പുലവരുടെ മകളായ രജിത ചെറുപ്പത്തിലേ കൂത്ത് പരിചയിച്ചു. അച്ഛനും മുത്തച്ഛൻ കൃഷ്ണൻകുട്ടിപ്പുലവർക്കുമൊപ്പം 10 വയസു വരെ ക്ഷേത്രങ്ങളിലെ കൂത്തുമാടങ്ങളിൽ ചെന്നിരുന്നു. അനുമതി ഇല്ലാത്തതിനാൽ പിൻവാങ്ങി കൂത്തുപാവ നിർമ്മാണത്തിൽ സജീവമായി. വീട്ടിലെ ചെറിയ കൂത്തുമാടത്തിൽ അച്ഛൻ പരിശീലിപ്പിച്ചു.

അച്ഛനും സഹോദരൻ രാജീവിനുമൊപ്പം സിംഗപ്പൂർ, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലും നാഷണൽ പപ്പറ്ററി ഫെസ്റ്റിവലിലും പങ്കെടുത്തു. പെൺകുട്ടികൾക്ക് പാവക്കൂത്തിൽ സാദ്ധ്യതകളില്ലെന്ന് പറഞ്ഞ് പഠനകാലത്ത് ജൂനിയർ സ്കോളർഷിപ്പിനുള്ള അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. കഠിന പരിശ്രമം കൊണ്ട് പിന്നീട് സ്കോളർഷിപ്പും ഫെല്ലോഷിപ്പും ഫോക് ലോർ അക്കാഡമിയുടെ യുവപ്രതിഭാ പുരസ്കാരവും നേടി.

സ്ത്രീകളോടുള്ള വിവേചനം

വർഷങ്ങൾക്കു മുൻപ് മഞ്ഞ് കൊള്ളാതിരിക്കാൻ കൂത്തുമാടത്തിന്റെ പടിയിലിരിക്കാൻ ഒരു വിദേശ വനിതയ്ക്ക് രാമചന്ദ്രപ്പുലവർ അനുവാദം കൊടുത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു. അന്ന് മുതലേ കൂത്തിൽ സ്ത്രീകൾക്കും തുല്യത വേണമെന്ന ചിന്തയുണ്ടായി. അച്ഛന്റെ മാർഗ നിർദ്ദേശവും ലഭിച്ചു. കൂത്തിനെ ക്ഷേത്രത്തിൽ നിന്ന് മോചിപ്പിക്കാൻ 1970കളിൽ മുത്തച്ഛൻ കൃഷ്ണൻകുട്ടിപ്പുലവർ ഇരിങ്ങാലക്കുട നടനകെെരളിയിലെ വേണുജിയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്നതും പ്രചോദനമായി.

പെൺപാവക്കൂത്ത്

ഇന്ദിരാ ഗാന്ധി, ഝാൻസി റാണി, കല്പന ചൗള, ക്യാപ്റ്റൻ ലക്ഷ്മി എന്നിവരുടെ പാവകളെ അവതരിപ്പിക്കുന്നു. അമ്മുവെന്ന പെൺകുട്ടി നേരിടുന്ന ലിംഗവിവേചനമാണ് പ്രമേയം. കഥ: മുഹമ്മദ് സുൽഫി. സംഗീതം ജാസ്മിൻ. അവതരണം: രജിത, രാജലക്ഷ്മി, അശ്വതി, നിത്യ, നിവേദിത, ശ്രീനന്ദന, സന്ധ്യ. യഥാർത്ഥ കൂത്തിൽ രാമകഥയാണ് പ്രമേയം.

അമ്പലത്തിൽ ഒരു പെൺകുട്ടിക്കെങ്കിലും കൂത്ത് പറയാൻ കഴിയണം. പാരമ്പര്യ ലംഘനം ഭയന്നാണ് അനുമതി തരാത്തത്. കാലാനുസൃതമായ മാറ്റം ഉണ്ടാകണം.

- രജിത

Advertisement
Advertisement