ഓങ്ങല്ലൂർ രാമഗിരി കോട്ട പുരാവസ്തു വകുപ്പ് ഏറ്റെടുക്കും

Monday 24 January 2022 12:58 AM IST

പട്ടാമ്പി: ടിപ്പുവിന്റെ പാദമുദ്ര പതിഞ്ഞ ചരിത്രമുറങ്ങുന്ന മരുതൂർ രാമഗിരിക്കോട്ട പുരാവസ്തു വകുപ്പ് ഏറ്റെടുക്കും. മുഹമ്മദ് മുഹ്സീൻ എം.എൽ.എ നിർദേശത്തിന് തുടർന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥയായ ആതിരയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദർശിച്ചു. ഇതുസംബന്ധിച്ച് തയ്യാറാക്കിയ റിപ്പോർട്ട് മ്യൂസിയം മന്ത്രി അഹമ്മദ് ദേവർ കോവിലിന് നൽകും.

മയിലാടും പാറയിലിൽ നിന്നുമുള്ള ഭാരതപ്പുഴയുടെ കാഴ്ചയും കാടിന്റെയും മലക്ക് താഴെ പാടശേഖരങ്ങളുടെയും ഭംഗിയും കോട്ടായിലേക്കുള്ള ട്രക്കിംഗും ടിപ്പുവിന്റെയും ഹൈദരാലിയുടെയും കേന്ദ്രമെന്ന നിലയിൽ കുതിര സവാരി അടക്കമുള്ള വിനോദസഞ്ചാര സാധ്യതകളും രാമഗിരിയിൽ ഒരുക്കും. നിലവിലെ കോട്ട അവശിഷ്ടങ്ങൾ നന്നാക്കിയെടുക്കുന്നതിന് പുറമെ ചെറിയൊരു ഉദ്യാനവും കോട്ടക്കു ചുറ്റും നടപ്പാതയും ദൂരക്കാഴ്ചകൾ കാണാൻ കഴിയുന്ന തരത്തിൽ ഒരു ടവറും സ്ഥാപിക്കാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്.

പുരാവസ്തു വകുപ്പ് സംഘം രാമഗിരി കോട്ട സംരക്ഷിക്കുന്നതിനൊപ്പം ക്വാറി മാഫിയകൾ നടത്തുന്ന പരിസ്ഥിതി, പൈതൃക നശീകരണ ശ്രമങ്ങളെക്കൂടി തടയാനുള്ള നടപടികൾ ഉണ്ടാകുമെന്നും അറിയിച്ചു. ടൂറിസം കേന്ദ്രമാക്കുന്ന പക്ഷം സംസ്ഥാന വിനോദസഞ്ചാര ഭൂപടത്തിൽ രാമഗിരി സ്ഥാനം പിടിക്കും. ഇതോടെ വിനോദസഞ്ചാരികളുടെ ഒഴുക്കാണ് ഇവിടെ അനുഭവപ്പെടുക.

Advertisement
Advertisement