അടച്ചുപൂട്ടൽ ഭീഷണിയിൽ നാടൻ കുത്തരിക്കട
നീലേശ്വരം: കൃഷിഭവൻ നാടൻ കുത്തരിയെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ എക്കോ ഷോപ്പ് അടച്ചുപൂട്ടൽ ഭീഷണിയിൽ. രണ്ടു വർഷം മുമ്പാണ് നീലേശ്വരം കൃഷിഭവൻ നാടൻ കുത്തരിയെ പ്രോത്സാഹിപ്പിക്കാൻ മാർക്കറ്റ് റോഡിൽ അരിക്കട തുടങ്ങിയത്. ആദ്യം പട്ടേന പാടശേഖര സമിതിക്കായിരുന്നു ചുമതല. ഒരു മാസത്തിനുശേഷം കട നടത്തിക്കൊണ്ടുപോകാൻ കഴിയാതെ ഇവർ കൈയൊഴിയുകയായിരുന്നു.
പിന്നീട് കൃഷി വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത രണ്ട് വ്യക്തികൾക്ക് ചുമതല നൽകി. നീലേശ്വരം ബ്ലോക്കിൽ രജിസ്റ്റർ ചെയ്ത പാടശേഖര സമിതികൾ നാടൻ കുത്തരി എത്തിച്ചുതരാമെന്ന് പറഞ്ഞെങ്കിലും, നെല്ല് പുഴങ്ങി ഉണക്കാൻ സൗകര്യമില്ലാത്തതിനാൽ പാടശേഖര സമിതിയിൽ നിന്നും അരി യഥാസമയം കിട്ടാതായി. കൂടാതെ അരിക്കടയിലെ ജീവനക്കാരന് കൂലിയും മറ്റും കൊടുക്കാൻ പറ്റാതായതോടെ മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയിലായി.
അതിനിടയിൽ അരിക്കടയോടനുബന്ധിച്ച് കുത്തരി കഞ്ഞിക്കട നടത്തിയെങ്കിലും നഗരസഭ ആരോഗ്യ വിഭാഗം ഇതിന് തടയിടുകയായിരുന്നു.
തവിടോടുകൂടിയ അരി വാങ്ങാൻ ആൾക്കാർ വരുന്നുണ്ടെങ്കിലും ഇപ്പോൾ ആഴ്ചയിൽ ഒരുദിവസം മാത്രമെ നടത്തിപ്പുകാർക്ക് തുറന്നുകൊടുക്കാൻ പറ്റുന്നുള്ളൂ. അരിക്കടയിൽ വൈദ്യുതിയും, വെള്ളവുമെത്തിക്കാൻ നടത്തിപ്പുകാർക്ക് സ്വന്തം കൈയിൽ നിന്ന് കാശുമുടക്കേണ്ട സ്ഥിതിയുമാണ്.