കുപ്പിവെള്ളത്തിന് ഹില്ലി അക്വാ, 20 രൂപ വേണ്ട,13 മതി; കേരളകൗമുദി റിപ്പോർട്ടിൽ മന്ത്രിയുടെ ഇടപെടൽ

Monday 24 January 2022 12:18 AM IST

തിരുവനന്തപുരം: സ്വകാര്യ കമ്പനികൾ 20 രൂപയ്ക്ക് ഒരു ലിറ്റർ കുപ്പിവെള്ളം വിറ്റ് ജനങ്ങളെ കൊള്ളയടിക്കുന്ന പശ്ചാത്തലത്തിൽ 13 രൂപയ്ക്കുള്ള സർക്കാരിന്റെ കുപ്പിവെള്ളം വ്യാപകമായി വിപണിയിലെത്തിക്കാൻ അടിയന്തര നടപടി.

സർക്കാരിന്റെ കുപ്പിവെള്ള പദ്ധതികൾ ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നതിനെക്കുറിച്ച് കഴിഞ്ഞ തിങ്കളാഴ്ച കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടി കുപ്പിവെള്ളത്തിന്റെ ഉത്പാദനവും വിപണനവും വർദ്ധിപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷന്റെ അരുവിക്കരയിലെ പ്ളാന്റിൽ `ഹില്ലി അക്വാ'യുടെ ഒരു ലിറ്റർ കുപ്പി വെള്ളത്തിന്റെ ഉത്പാദനം ഉടനെ ആരംഭിക്കും. ഇപ്പോൾ, 20 ലിറ്റ‌ർ കാനിലെ വെള്ളമാണ് വിതരണം ചെയ്യുന്നത്. വെള്ളിയാഴ്ച അരുവിക്കരയിലെ പ്ലാന്റിലെത്തിയ മന്ത്രി ഉത്പാദനം നേരിട്ട്കണ്ട് വിലയിരുത്തി.

അരുവിക്കരയിൽ രണ്ട് ഷിഫ്ടുകളിലായി 57,600 ലിറ്റർ കുപ്പിവെള്ളം ഉത്പാദിപ്പിക്കാനാണ് തീരുമാനം. തൊടുപുഴയിലും ഇതേ അളവിലേക്ക് ഉത്പാദനം കൂട്ടും. അവിടെനിന്ന് ഒരു ലിറ്റർ കുപ്പിവെള്ളം ഇപ്പോഴും വില്ക്കുന്നുണ്ട്. ഇതിനുപുറമേ, 500 മില്ലി ലിറ്ററിന്റെയും രണ്ട് ലിറ്ററിന്റെയും കുപ്പിവെള്ളവും വിപണിയിലെത്തും. ആലുവയിലും കോഴിക്കോട്ടും താമസിയാതെ പ്ളാന്റ് തുടങ്ങും.

ഓഫീസുകളിൽ ഹില്ലി അക്വാ നിർബന്ധമാക്കും

സർക്കാർ ചടങ്ങുകളിലും ഓഫീസുകളിലും ഹില്ലി അക്വാ നിർബന്ധമാക്കി ഉത്തരവിറക്കും

ഫ്ളാറ്റുകളിലും ഓഫീസുകളിലും 20 ലിറ്റർ കാൻ വെള്ളം എത്തിക്കും.

കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, വെബ്കോ ഔട്ട്‌ലെറ്റ്, സപ്ലൈകോ ഷോപ്പ് എന്നിവിടങ്ങളിൽ വില്പനയ്ക്ക് ലഭ്യമാക്കും.

സ്വന്തം കിയോസ്കിൽ Rs.10

സ്വന്തം കിയോസ്കുകൾ നഗരങ്ങളിൽ സ്ഥാപിച്ച് ഒരു ലിറ്റർ കുപ്പിവെള്ളം പത്തു രൂപയ്ക്ക് വില്പന നടത്താനും പദ്ധതിയുണ്ട്. ജയിലുകളിൽ എത്തിക്കുന്ന ഹില്ലി അക്വാ വെള്ളത്തിന് 10 രൂപയാണ് ഈടാക്കുന്നത്.

....................................................

57,600 ലിറ്റർ:

അരുവിക്കരയിലും

തൊടുപുഴയിലും

പ്രതിദിന ഉത്പാദനം

2,30,400 ലിറ്റർ

പുതിയ പ്ളാന്റുകളിലടക്കം

പ്രതിദിന ഉത്പാദന ലക്ഷ്യം

.............................................

''സുതാര്യമായും വില കുറച്ചും നല്ല വെള്ളം സംസ്ഥാനം ഒട്ടാകെ എത്തിക്കും. നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്''

-റോഷി അഗസ്റ്റിൻ,​

ജലസേചന മന്ത്രി