കൊവിഡ്: കോഴിക്കോട് മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി, ആകെയുള്ള 240 കിടക്കകളും രോഗികളെ കൊണ്ട് നിറഞ്ഞു

Monday 24 January 2022 6:07 PM IST

കോഴിക്കോട്: കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിസന്ധി രൂക്ഷമായി. ആശുപത്രിയിൽ ആകെയുള്ള 240 കിടക്കകളും രോഗികളെ കൊണ്ട് നിറഞ്ഞു. സ്വകാര്യ ആശുപത്രികളുടേയും അവസ്ഥ വിഭിന്നമല്ല. ഭൂരിപക്ഷം സ്വകാര്യ ആശുപത്രികളും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 160 ജനറൽ കിടക്കകളും 80 ഐ സി യു കിടക്കകളുമാണ് കൊവിഡ് രോഗികൾക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ മാറ്റിവച്ചിരുന്നത്. ഈ കിടക്കകളെല്ലാം നിലവിൽ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

കോഴിക്കോട് ശരാശരി 4000ത്തോളം കൊവിഡ് കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ടി പി ആർ 50 ശതമാനത്തിന് അടുത്തും വരുന്നുണ്ട്. ഇതിനാലൊക്കെയാണ് രോഗികളുടെ എണ്ണം കോഴിക്കോട് കൂടുന്നത്.

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ രണ്ട് വാർഡുകൾ കൊവിഡ് രോഗികൾക്ക് വേണ്ടി മാറ്റിവച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇവിടെയും സ്ഥിതി രൂക്ഷമാണ്. കൊവിഡ് രോഗികൾക്ക് വേണ്ടി മാറ്റിവച്ചതിൽ ഇനി വെറും പത്ത് കിടക്കകൾ മാത്രമാണ് അവശേഷിക്കുന്നത്.

ഇതിനു പുറമേ ജില്ലയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള 54 ആരോഗ്യപ്രവ‌ർത്തകർക്കും കഴിഞ്ഞ ദിവസം രോഗം ബാധിച്ചു. കഴിഞ്ഞ നാലു ദിവസങ്ങൾക്കുള്ളിൽ 150 ആരോഗ്യപ്രവ‌ർത്തകർക്കാണ് ജില്ലയിൽ രോഗം ബാധിച്ചത്. ഇതും സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്.