അന്നവിടെ ആരും എന്റെ പിറന്നാൾ ഓർക്കാൻ ഉണ്ടായിരുന്നില്ല, യഥാർത്ഥ സ്‌നേഹിതരെ തിരിച്ചറിയാൻ പറ്റി; ജയിൽ അനുഭവം വിവരിച്ച് എം ശിവശങ്കർ

Tuesday 25 January 2022 11:04 AM IST

തിരുവനന്തപുരം: പിറന്നാൾ ദിനത്തിൽ ജയിൽ അനുഭവങ്ങൾ വിവരിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം രംഗത്തെത്തിയത്. ഇത്തവണയും പിറന്നാളിന് ആഘോഷങ്ങൾ ഒന്നുമില്ലെന്ന് ശിവശങ്കർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ജയിൽ മുറിയുടെ തണുത്ത തറയിലായിരുന്നു പിറന്നാൾ. അന്നവിടെ ആരും തന്റെ പിറന്നാൾ ഓർക്കാൻ ഉണ്ടായിരുന്നില്ല. ഈ പിറന്നാൾ ദിനത്തിൽ സന്ദേശങ്ങൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടി. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിച്ചു. അത് ചിലർ കവർന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം.

യഥാർത്ഥ സ്‌നേഹിതർ ആരെന്ന് തിരിച്ചറിയാൻ ഈ അനുഭവങ്ങൾ സഹായിച്ചു. മുൻപ് പിറന്നാൾ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകൾ മാത്രമാണ് ഇത്തവണ ആശംസയറിയിച്ചതെന്നും അദ്ദേഹം കുറിച്ചു. നയതന്ത്ര ചാനലിലെ സ്വർണ്ണക്കടത്ത് കേസിൽ സസ്‌പെൻഷനിലായ എം ശിവശങ്കർ കഴിഞ്ഞ ദിവസമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ഒന്നരവർഷത്തിന് ശേഷമാണ് സർവീസിൽ തിരിച്ചെടുത്തത്.