കെ റെയിലും ദേശീയപാതയും നാടിന് ആവശ്യം, വയൽകിളി നേതാവ് സിപിഎമ്മിൽ ചേർന്നു

Tuesday 25 January 2022 3:46 PM IST

കണ്ണൂർ: വയൽകിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ സിപിഎമ്മിൽ ചേർന്നു. പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ സിപിഎമ്മിനെതിരെ സമരം ചെയ്ത് ദേശീയ ശ്രദ്ധ നേടിയ വ്യക്തിയാണ് സുരേഷ്.

ദേശീയപാത വികസനത്തിന്റെ ഭാഗമായി കീഴാറ്റൂരിലെ നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നശിപ്പിക്കുന്നതിനെതിരെ ആയിരുന്നു തങ്ങളുടെ സമരം. അത് പ്രത്യയശാസ്ത്രപരമായി സിപിഎം ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് എതിരായിരുന്നില്ലെന്ന് സുരേഷ് കീഴാറ്റൂര്‍ വ്യക്തമാക്കി. സിപിഎം രാഷ്ട്രീയത്തിൽ നിന്ന് ഒരിക്കലും അകന്നിരുന്നില്ല. പരിസ്ഥിതി ആശങ്കകള്‍ മാത്രമായിരുന്നു സമരത്തിലൂടെ ഉയര്‍ത്തിക്കാട്ടിയത്. സമരം വിജയമായിരുന്നോ പരാജയമായിരുന്നോ എന്നതിലുപരി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കാന്‍ സമരത്തിന് കഴിഞ്ഞു. താൻ ഒരിക്കലും വികസന കാഴ്ചപ്പാടുകൾക്ക് എതിരല്ല. ദേശീയപാത വികസനവും കെ റെയിൽ പോലുള്ള പദ്ധതികളും നാടിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.