നല്ല നാടൻമാവ് നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കിൽ കാർഷിക കോളേജിൽ വിളിച്ചറിയിക്കൂ, കലക്കൻ ഒരു സംഗതിയുണ്ട്

Tuesday 25 January 2022 6:41 PM IST

തിരുവനന്തപുരം: നാവിൽ കൊതിയൂറുന്ന തനത് നാട്ടുമാമ്പഴങ്ങൾ സംരക്ഷിക്കാൻ വെള്ളായണി കാർഷിക കോളേജിലെ വിദഗ്‌ദ്ധരും വിദ്യാർത്ഥികളും ഗ്രാമങ്ങളിലെത്തുന്നു. തെക്കൻ കേരളത്തിൽ സുലഫമായിരുന്ന കോട്ടൂർകോണം, പഞ്ചാര വരിക്ക, ഉണ്ട വരിക്ക തുടങ്ങിയവയെല്ലാം അൽഫോൻസയും നീലവും മൽഗോവയും പോലുള്ള സങ്കരയിനങ്ങളെത്തിയതോടെ പതിയെ അപ്രത്യക്ഷമായി.

നല്ലയിനം നാടൻ മാവുകൾ എവിടെയുണ്ടെന്ന് ഫോൺ നമ്പരടക്കം അറിയിച്ചാൽ കാർഷിക കോളേജിലെ ശാസ്ത്രജ്ഞരും വിദ്യാർത്ഥികളും അവിടെയെത്തും. അവ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും പദ്ധതി ആസൂത്രണം ചെയ്യും. നാടൻ മാവുകളെക്കുറിച്ചറിയിക്കാൻ ഫോൺ: 9496366698, 9946867991.

പദ്ധതി ഇങ്ങനെ
പരമ്പരാഗത മാവിന കളെക്കുറിച്ചുള്ള വിവരം ലഭിച്ചാൽ കാർഷിക സർവകലാശാലയിൽ നിന്നുള്ള ഗവേഷകരെത്തി മാവിന്റെ കമ്പ് മുറിച്ചെടുത്ത് ഗ്രാഫ്റ്റ് ചെയ്ത് ( ഒട്ടുമാവ്) സർവകലാശാല വളപ്പിൽ നട്ടുപിടിപ്പിച്ച് ഫീൽഡ് ജീൻ ബാങ്ക് ഉണ്ടാക്കും. മാതൃ സസ്യത്തിന്റെ അതേ സ്വഭാവത്തോടെ ലഭിക്കുന്ന ഈ മാവിൻതൈ സംരക്ഷിക്കും. അതിൽ നിന്നു പുതിയ തൈകൾ സൃഷ്ടിച്ച് വിതരണം ചെയ്യും.

കോട്ടൂർക്കോണം

തിരുവനന്തപുരം - തമിഴ്നാട് അതിർത്തിയിലെ കുന്നത്തുകാൽ വില്ലേജിലെ ചെറിയ പ്രദേശമായ കോട്ടുകോണത്തിന്റെ പേരിൽ അറയിപ്പെടുന്നു. വ്യത്യസ്‌തമായ രുചി. സീസണിന്റെ തുടക്കത്തിലേ പൂക്കും. നല്ലവില ലഭിക്കും.

പഞ്ചാരവരിക്ക

പഞ്ചസാരയുടെ രുചിയായതിനാൽ മാങ്ങയുടെ പേരും അങ്ങനെയായി. അച്ചാറായും അടമാങ്ങയായും തീൻമേശയിലെത്തും. പഴുത്ത മാങ്ങ ഊറിക്കുടിക്കാൻ അതിരുചികരം.

കപ്പലുമാങ്ങ
തൊലികയ്‌പൻ എന്നും പേര്. ഒരുകിലോവരെ ഭാരം. കട്ടി കൂടുതലും നാരുകൾ കുറവുമാണ്.

കപ്പമാങ്ങ

ഒരു കിലോഗ്രാം വരെ ഭാരം. കട്ടി കൂടുതലും നാര് കുറവുമാണ്. പഴുത്തമാങ്ങയും അടമാങ്ങയും രുചികരം.

മാങ്ങകൾ ഇനങ്ങൾ

കേരളത്തിന്റെ സ്വന്തം ഇനങ്ങൾ- 150

തെക്കൻ ജില്ലകളിൽലുള്ളത്- 50

ഇന്ത്യയിൽ ആകെയുള്ളത്- 1000ലധികം

മറ്റു നാട്ടുമാങ്ങകൾ
 വെള്ളരിമാങ്ങ
 പുളിച്ചിമാങ്ങ

 കർപ്പൂര മാങ്ങ
കാരയ്ക്കാ മാങ്ങ
നാരങ്ങാ മാങ്ങ

 ചെറുവരിക്ക
 തത്തച്ചുണ്ടൻ
 കിളിച്ചുണ്ടൻ
 പുളിശ്ശേരി മാങ്ങ
 മൂവാണ്ടൻ
 നെട്ടുകുഴിയൻ
 താലിമാങ്ങ
 കടയ്‌ക്കൽ മാങ്ങ
 നീലവരിക്ക
 പേരക്ക മാങ്ങ

Advertisement
Advertisement