'ലാംബ്‌ഡ' പരിശോധനയ്‌ക്കുള്ള സംവിധാനമില്ല, കേരളത്തിൽ 2020 ജനുവരി മുതൽ ഇറങ്ങിയ വാഹനങ്ങൾക്ക് വൻതുക പിഴ നൽകേണ്ടി വരും

Tuesday 25 January 2022 7:12 PM IST

കൊച്ചി: സംസ്ഥാനത്ത് ബി.എസ്-6 വിഭാഗം പെട്രോൾ, സി.എൻ.ജി, എൽ.പി.ജി വാഹനങ്ങളുടെ പുകപരിശോധന നിലച്ചതോടെ വൻതുക പിഴ നൽകേണ്ടി വരുമെന്ന ആശങ്കയിൽ ഉടമകൾ. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ബി.എസ്-6 പുകപരിശോധനയ്ക്ക് കേന്ദ്രം പുതിയ മാനദണ്ഡം നടപ്പാക്കിയതാണ് വിനയായത്.

കേന്ദ്രസർക്കാരിന്റെ പരിവാഹൻ വെബ്‌സൈറ്റിൽ 2021 ഡിസംബർ 9ന് വരുത്തിയ ഭേദഗതി പ്രകാരം ഇന്ധനം കത്തുമ്പോൾ ലഭ്യമായ ഓക്‌സിജന്റെ അനുപാതം അളക്കുന്ന 'ലാംബ്ഡ' പരിശോധനകൂടി നിർബന്ധമാണ്. ഇതിനുള്ള ഉപകരണം സംസ്ഥാനത്ത് ഇല്ല.

ഇതിനായി നിലവിലെ ഉപകരണങ്ങളിൽ പുതിയ സെൻസർ ഘടിപ്പിക്കണം. 50,000 മുതൽ രണ്ടു ലക്ഷം രൂപ വരെ മുടക്കേണ്ടിവരും.

പുക പരിശോധന നടക്കുന്നില്ലെങ്കിലും സർട്ടിഫിക്കറ്റില്ലാത്ത ബി.എസ്-6 വാഹനങ്ങളിൽ നിന്ന് പൊലീസും മോട്ടോർ വാഹനവകുപ്പും പിഴ ഈടാക്കുന്നുണ്ട്. ബി.എസ്-6 വാഹനങ്ങൾക്ക് താൽക്കാലിക ഇളവ് നൽകാൻ മോട്ടോർ വാഹനവകുപ്പിന് നിർദ്ദേശം ലഭിച്ചെങ്കിലും പ്രാവർത്തികമായിട്ടില്ല.

വ്യാജൻ റെഡി
വ്യാജ സർട്ടിഫിക്കറ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മോട്ടോർവാഹന വകുപ്പ് ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനികളുടെയും പരിശോധനാ കേന്ദ്രങ്ങളുടെയും യോഗവും വിളിച്ചു. 11 കമ്പനികളുള്ളതിൽ ആറെണ്ണത്തിന്റെ പ്രതിനിധികൾ പാലക്കാട് നടന്ന ഡെമോൺസ്‌ട്രേഷൻ യോഗത്തിൽ പങ്കെടുത്തെങ്കിലും ഇവയ്‌ക്കൊന്നും 'ലാംബ്ഡ' പരിശോധനാ വൈദഗ്ദ്ധ്യമില്ലെന്ന് ബോദ്ധ്യമായി.

ബി.എസ്-6 വാഹനങ്ങൾ

2020 ജനുവരി നാലു മുതലാണ് ബി.എസ്-6 വാഹനങ്ങൾ രജിസ്റ്റർ ചെയ്തു തുടങ്ങിയത്. ഏറ്റവും കുറഞ്ഞ തോതിലാണ് ഇവയിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം.