ഫെഡറൽ ബാങ്കിന്റെ ലാഭം 29 ശതമാനം ഉയർന്നു

Wednesday 26 January 2022 3:30 AM IST

കൊച്ചി: നടപ്പുവർഷത്തെ (2021-22) മൂന്നാംപാദമായ ഒക്‌ടോബർ-ഡിസംബറിൽ ഫെഡറൽ ബാങ്ക് 28.96 ശതമാനം വളർച്ചയോടെ 521.73 കോടി രൂപ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിൽ 404.1 കോടി രൂപയായിരുന്നു ലാഭം. ഇക്കഴിഞ്ഞ സെപ്‌തംബർപാദത്തിലെ 460 കോടി രൂപയേക്കാൾ 13.2 ശതമാനവും വളർച്ചയുണ്ട്.

കിട്ടാക്കടം തരണംചെയ്യാനുള്ള നീക്കിയിരുപ്പ് ബാദ്ധ്യത (പ്രൊവിഷൻസ്) വാർഷികാടിസ്ഥാനത്തിൽ 414 കോടി രൂപയിൽ നിന്നും പാദാടിസ്ഥാനത്തിൽ 292 കോടി രൂപയിൽ നിന്നും 213 കോടി രൂപയായി കുറഞ്ഞത് ലാഭം കുതിക്കാൻ സഹായിച്ചുവെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു.

അറ്റ പലിശ വരുമാനം (എൻ.ഐ.ഐ) ഏഴ് ശതമാനവും അറ്റ പലിശ മാർജിൻ (എൻ.ഐ.എം) 0.07 ശതമാനവും മെച്ചപ്പെട്ടതും നേട്ടമായി. മൊത്തം വായ്പ 12 ശതമാനം ഉയർന്നു. കാർഷികവായ്‌പ 17.95 ശതമാനം, ഭവന വായ്‌പ 13.87 ശതമാനം, റീട്ടെയിൽ വായ്‌പ 7.91 ശതമാനം, സ്വർണവായ്‌പ 11.48 ശതമാനം എന്നിങ്ങനെ വളർന്നു.

മൊത്തം ബിസിനസ് 2.87 ലക്ഷം കോടി രൂപയിൽ നിന്ന് 3.16 ലക്ഷം കോടി രൂപയിലെത്തി. 1.40 ലക്ഷം കോടി രൂപ വായ്‌പകളും 1.75 ലക്ഷം കോടി രൂപ നിക്ഷേപങ്ങളുമാണ്.

മൊത്തം നിഷ്‌ക്രിയ ആസ്‌തി പാദാടിസ്ഥാനത്തിൽ 3.24 ശതമാനത്തിൽ നിന്ന് 3.06 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 1.12 ശതമാനത്തിൽ നിന്ന് 1.05 ശതമാനത്തിലേക്കും കുറഞ്ഞു. ബാങ്കിന്റെ ഓഹരികൾ ഇന്നലെ 4.35 ശതമാനം ഉയർന്ന് 95.85 രൂപയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.