അമേരിക്കയെയും ചൈനയെയും മറികടന്ന് 2023ൽ ഇന്ത്യ കുതിക്കും, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ത്വരിതഗതിയിലെന്ന് ഐഎംഎഫ്

Tuesday 25 January 2022 11:33 PM IST

ന്യൂഡൽഹി: 2022-ൽ ആഗോള സമ്പദ്‌വ്യവസ്ഥ 4.4% വളർച്ച നേടുമെന്നും 2023-ൽ 3.8% ആയി കുറയുമെന്നും ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) പ്രവചനം. ലോക വളർച്ചയുടെ ഏറ്റവും പുതിയ പ്രവചനങ്ങൾ പുറത്തിറക്കുന്നതിനിടയിൽ, IMF ഇന്ത്യയുടെ വളർച്ചാ പ്രവചനവും പുതുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യ ഇപ്പോഴും നിലനിർത്തുന്നുവെന്ന് ഐഎംഎഫ് വ്യക്തമാക്കുന്നു.

ഗ്ലോബൽ മോണിറ്ററിംഗ് ഓർഗനൈസേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2021-22 ൽ ഇന്ത്യയുടെ വളർച്ച നിരക്ക് 9% ആണ്. അടുത്ത സാമ്പത്തിക വർഷമായ 2022-2023ൽ വളർച്ചാ നിരക്ക് സ്ഥിരമായി (9%) തുടരുമെന്നും IMF പ്രവചിച്ചിട്ടുണ്ട്.

ഒമിക്രോൺ തരംഗം നിരവധി മേഖലകളിലെ ബിസിനസ്സ് പ്രവർത്തനങ്ങളെ ബാധിച്ചു. കർശനമായ അന്താരാഷ്ട്ര യാത്രാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം സഞ്ചാരമേഖലയും തകർന്നു.

ഇന്ത്യയെ കൂടാതെ, യുഎസ് സമ്പദ്‌വ്യവസ്ഥ 4% വളർച്ച നേടുമ്പോൾ ചൈന 4.8% വളർച്ച കൈവരിക്കുമെന്ന് IMF പ്രവചിക്കുന്നു. കാലികമായ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്, 0.8% എന്ന തുച്ഛമായ വ്യത്യാസത്തിൽ, ചൈനയുമായുള്ള വളർച്ചാ വിടവ് യുഎസ് അവസാനിപ്പിക്കുമെന്നാണ്.

അതേസമയം, യൂറോപ്യൻ മേഖലയിലെ സാമ്പത്തിക ഉയർച്ച ഈ സാമ്പത്തിക വർഷം 5.2% ൽ നിന്ന് 2022-23 ൽ 3.9% ആയി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ, ഇന്ത്യയുടെ ജിഡിപി വളർച്ച 2021ൽ 9.5 ശതമാനമായും 2022ൽ 8.5 ശതമാനമായും ഐഎംഎഫ് പ്രവചിച്ചിരുന്നു. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ (2022-23) ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്കിൽ 0.5 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് ഏറ്റവും പുതിയ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. പ്രൊജക്ഷൻ നേരത്തെ 8.5% ആയിരുന്നത് ഇപ്പോൾ 9% ആയി ഉയർന്നു.