അദ്നാൻ ഇനി രാജ്യം അറിയുന്ന ധീരൻ
Wednesday 26 January 2022 12:55 AM IST
കോഴിക്കോട് : പൂനൂർ പുഴയിൽ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷിച്ച കൊടുവള്ളി വാവാട് എരഞ്ഞോണ ആലപ്പുറായിൽ അദ്‌നാൻ മുഹിയുദ്ദീൻ എന്ന അനുമോൻ (14) രാഷ്ട്രപതിയുടെ ഉത്തം ജീവൻ രക്ഷാ പുരസ്‌കാരത്തിലൂടെ ഇനി രാജ്യം അറിയുന്ന ധീരൻ.
2020 ഒക്ടോബർ 27 നായിരുന്നു അദ്നാന്റെ ധീരത ഒരു ജീവൻ രക്ഷിച്ചത്.
പുഴയുടെ ആഴത്തിലേക്ക് കാൽവഴുതി വീണ സിദ്ദിഖിനെ അദ്നാൻ രക്ഷിക്കുകയായിരുന്നു. സിദ്ദിഖിന്റെ ഭാര്യയുടെയും മക്കളുടെയും നിലവിളി കേട്ടാണ് സമീപത്തുണ്ടായിരുന്ന അദ്‌നാൻ ഓടിയെത്തി പുഴയിലേക്ക് ചാടുകയായിരുന്നു. പരപ്പൻപോയിൽ രാരോത്ത് ഗവ. ഹൈസ്‌കൂൾ എട്ടാംതരം വിദ്യാർത്ഥിയാണ്. പരേതനായ അബ്ദുൽ ഗഫൂറിന്റെയും റംലയുടെയും മകനാണ്. ഹന്ന ഗഫൂർ, മുഹമ്മദ് യഹ്യ, ഫാത്തിം എന്നിവർ സഹോദരങ്ങൾ.