ലേഖനമെഴുതാൻ അന്വേഷിച്ചു; വെച്ചൂർ പശുവിന്റെ പോറ്റമ്മയായി

Wednesday 26 January 2022 12:58 AM IST

തൃശൂർ: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ചിന്തിക്കും മുമ്പേ തനത് പശുക്കളുടെ സംരക്ഷണം സ്വപ്നം കണ്ടിരുന്നു, തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജിലെ റിട്ട. പ്രൊഫസർ ഡോ. ശോശാമ്മ ഐപ്പ്. കോളേജിലെ മാഗസിനിൽ കേരളത്തിന്റെ സ്വന്തം പശുക്കളെപ്പറ്റി ലേഖനം തയ്യാറാക്കാനായി തുടങ്ങിയ അന്വേഷണം വെച്ചൂർ പശുവിന്റെ സംരക്ഷണത്തിലേക്ക് നയിച്ച കഥയാണ് അവരുടേത്.

1986 - 87ലായിരുന്നു അത്. കോളേജിലെ ഏതാനും കുട്ടികളോടൊപ്പം തുടങ്ങിയ അന്വേഷണത്തിൽ വെച്ചൂർ പശുക്കൾ നശിക്കുകയാണെന്ന് മനസിലായി. തുടർന്ന് ഒറിജിനൽ വെച്ചൂർ പശുക്കൾക്കായി തെരച്ചിൽ തുടങ്ങി. അങ്ങനെ കിട്ടിയ നാലഞ്ച് പശുക്കളെ കോളേജിൽ കൊണ്ടുവന്ന് കുട്ടികളുടെ സഹായത്തോടെ പുലർത്തി. വീണ്ടും അന്വേഷണം തുടർന്നു. കിട്ടിയവയെ വില കൊടുത്തു വാങ്ങി. പശുക്കളുടെ എണ്ണം എട്ടായി. ഇവ പെറ്റുപെരുകി 20 എണ്ണമായി.
വെറ്ററിനറി കോളേജിലെ ജെനിറ്റിക്‌സ് പ്രൊഫസറായിരുന്നു അന്ന് ഡോ. ശോശാമ്മ ഐപ്പ്. കാർഷിക സർവകലാശാലയുടെ സഹായം കൊണ്ടാണ് വെച്ചൂർ പശുക്കളെ സംരക്ഷിച്ചത്. സമർപ്പിത സേവനത്തിന്റെ ഫലമായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ അംഗീകരിച്ച 30 പശു ഇനങ്ങളിൽ ഒന്നായി കേരളത്തിന്റെ വെച്ചൂർ. ഇന്ന് കേരളത്തിൽ കാണുന്ന ആറായിരത്തോളം വെച്ചൂർ പശുക്കളുണ്ടായത് ഡോ. ശോശാമ്മയുടെ ശ്രമത്തിൽ നിന്നാണ്.

2001ൽ തൃശൂർ വെറ്ററിനറി കോളേജിൽ നിന്ന് നാഷണൽ ബ്യൂറോ ഒഫ് അനിമൽ ജനിറ്റിക്‌സിന്റെ ഡയറക്ടറായി വിരമിച്ചു. തൃശൂർ ഒല്ലൂക്കര ഇന്ദിര നഗറിലാണ് താമസം. വെറ്ററിനറി കോളേജ് സർജൻ പരേതനായ ഡോ. എബ്രഹാം വർക്കിയാണ് ഭർത്താവ്. രണ്ട് മക്കൾ വിദേശത്താണ്.

Advertisement
Advertisement