കാസർകോട് ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

Wednesday 26 January 2022 3:32 PM IST

കാസർകോട്: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ. റവന്യൂ വകുപ്പും പൊലീസും പ്രാഥമിക അന്വേഷണം ആരംഭിച്ചു.

സംഭവത്തിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിയെയും എ.ഡി.എമ്മിനെയും മന്ത്രി വിളിച്ചുവരുത്തിയിരുന്നു. ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിലാണ് ദേശീയപതാക തലകീഴായി ഉയർത്തിയത്.

തെറ്റായ രീതിയിൽ പതാക ഉയർത്തിയശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്യുകയും ചെയ്തു. ഇതിനുപിന്നാലെ മാദ്ധ്യമപ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാട്ടിയത്. തുടർന്ന് പതാക താഴ്ത്തി ശരിയായ രീതിയിൽ വീണ്ടും ഉയർത്തുകയായിരുന്നു.

കളക്ടർ സ്ഥലത്തില്ലാതിരുന്നതിനാൽ എ ഡി എമ്മിനായിരുന്നു ചടങ്ങിന്റെ ഒരുക്കങ്ങളുടെ ചുമതല. പതാക ഉയർത്തുന്നതിനുള്ള ഒരുക്കങ്ങൾക്കിടെ ഉദ്യോഗസ്ഥനു പറ്റിയ പിഴവാണ് ഇങ്ങനെയൊരു അബദ്ധം ഉണ്ടാകാൻ കാരണമായതെന്നാണ് അധികൃതർ പറയുന്നത്.

ദേശീയ പതാക ഉയര്‍ത്തേണ്ടതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കേണ്ടത് പൊലീസാണെന്നാണ് റവന്യൂ വകുപ്പ് നൽകുന്ന വിശദീകരണം. എന്നാല്‍ ചടങ്ങിലെ സുരക്ഷാനടപടികള്‍ മാത്രമാണ് തങ്ങളുടെ ചുമതലയെന്നും മറ്റുചുമതലകള്‍ റവന്യൂ വകുപ്പാണ് വഹിക്കേണ്ടതെന്നുമാണ് പൊലീസ് പറയുന്നത്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ ആരാണെന്നറിയാന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി അറിയിച്ചു.