കൊവിഡ് വ്യാപനം അതിരൂക്ഷം, കൂടുതൽ ജില്ലകളിൽ നിയന്ത്രണം കടുപ്പിച്ചേക്കും; തീരുമാനം മന്ത്രിസഭായോഗത്തിൽ

Thursday 27 January 2022 8:58 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെക്കുറിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും. പരിശോധനകളുടെ എണ്ണം കൂട്ടുന്നതിനെക്കുറിച്ചും, പുതിയ മാനദണ്ഡങ്ങളെക്കുറിച്ചുമൊക്കെ യോഗത്തിൽ ചർച്ച ചെയ്യും. കൂടുതൽ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും.

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾ 'സി' കാറ്റഗറിയിലാകാൻ സാദ്ധ്യതയുണ്ട്. നിലവിൽ തിരുവനന്തപുരം മാത്രമാണ് സി കാറ്റഗറിയിലുള്ളത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.

ഫെബ്രുവരി ആറ് വരെ സംസ്ഥാനത്ത് പ്രതിദിനം അരലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. സംസ്ഥാനത്ത് ഇന്നലെ 49,771 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. 63 പേർ മരിച്ചു. 48.06 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തലസ്ഥാനത്ത് തന്നെയാണ് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 6945 പേർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് ഇന്ന് ചേരുന്ന വിദ്യാഭ്യാസ വകുപ്പ് ഉന്നതലയോഗം തീരുമാനമെടുക്കും. വിദ്യാർത്ഥികളുടെ വാക്സിനേഷൻ പുരോഗതിയെക്കുറിച്ചും യോഗം വിലയിരുത്തും.