ചിൽഡ്രൻസ് ഹോമിൽ നിന്ന് സഹോദരിമാർ ഉൾപ്പെടെ ആറ് പെൺകുട്ടികളെ കാണാതായി; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
Thursday 27 January 2022 12:36 PM IST
കോഴിക്കോട്: വെള്ളിമാടുക്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായി. കോഴിക്കോട് സ്വദേശികളായ ആറ് പെൺകുട്ടികളെയും കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇവിടെ നിന്നും കാണാതായത്.
18 വയസിൽ താഴെ പ്രായമുള്ളവരാണ് ആറു പേരും. കൂട്ടത്തിൽ രണ്ട് സഹോദരിമാരുണ്ട്. വ്യക്തമായ പ്ലാനിംഗോടെ കുട്ടികൾ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. ഏണി വച്ച് പാരപെറ്റിന് മുകളിൽ കയറിയാണ് പെൺകുട്ടികൾ രക്ഷപ്പെട്ടത്.
പെൺകുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. വിവിധ കാലയളവിൽ ചിൽഡ്രൻസ് ഹോമിൽ പ്രവേശിപ്പിച്ചവരാണ് ആറുപേരും. ചേവായൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.