$90 കടന്ന് ക്രൂഡോയിൽ; 2014ന് ശേഷം ആദ്യം

Friday 28 January 2022 3:46 AM IST

കൊച്ചി: ഉപഭോഗത്തിന്റെ മുന്തിയപങ്കിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ആശങ്കയിലാക്കി ക്രൂഡോയിൽ വില കുതിച്ചുയരുന്നു. ബ്രെന്റ് ക്രൂഡ് വില ഇന്നലെ ഒരുവേള ബാരലിന് 90.79 ഡോളർവരെയെത്തി. 2014ന് ശേഷം വില 90 ഡോളർ കടന്നത് ആദ്യം. ഡബ്ള്യു.ടി.ഐ ക്രൂഡ് വില ഇന്നലെ 88 ഡോളറും കടന്നു. ഈമാസത്തിന്റെ തുടക്കത്തിൽ ബ്രെന്റ് വില 78 ഡോളറായിരുന്നു. ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

യുദ്ധഭീതി തിരിച്ചടി

ഉക്രെയിനെ റഷ്യ ആക്രമിച്ചേക്കുമെന്ന ഭീതിയും റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം കൊണ്ടുവരുമെന്ന അമേരിക്കയുടെ മുന്നറിയിപ്പുമാണ് എണ്ണവിലയെ ഉയർത്തിയത്. റഷ്യ-ഉക്രെയിൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തളർത്തും. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഉത്പാദനം കുറഞ്ഞതും വിലക്കുതിപ്പുണ്ടാക്കുന്നു.

കഴിഞ്ഞ ആഗസ്‌റ്റ് മുതൽ പ്രതിദിനം നാലുലക്ഷം ബാരൽ വീതം ക്രൂഡ് ഉത്‌പാദനം കൂട്ടാൻ ഒപെക് പ്ളസ് കൂട്ടായ്മ തീരുമാനിച്ചിരുന്നു. ഇത് പാലിക്കാൻ റഷ്യയ്ക്ക് കഴിഞ്ഞേക്കില്ലെന്ന വിലയിരുത്തലും ക്രൂഡ് വില കൂടാനിടയാക്കുന്നു.

വില മാറാതെ ഇന്ത്യ

ക്രൂഡ് വില മുന്നേറുകയാണെങ്കിലും കേന്ദ്രം എക്‌സൈസ് നികുതി കുറച്ച കഴിഞ്ഞ നവംബർ നാലുമുതൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില മാറിയിട്ടില്ല. കേന്ദ്രത്തിന് ഏറെ നിർണായകമായ ഉത്തർപ്രദേശും പഞ്ചാബുമടക്കം അഞ്ച് സംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടന്നതാണ് കാരണമായി നിരീക്ഷകർ പറയുന്നത്. പെട്രോളിന് 106.36 രൂപയും ഡീസലിന് 93.47 രൂപയുമാണ് തിരുവനന്തപുരം വില.

 ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽവില ഈമാസമാദ്യം 77 ഡോളറായിരുന്നത് ഇപ്പോൾ 86.98 ഡോളറിലെത്തി.

 തിരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ, എൽ.പി.ജി വിലകൾ കുത്തനെ കൂടിയേക്കാം.