'പണി' കിട്ടുമെന്നായപ്പോൾ മെഷീനുകൾ പണി തുടങ്ങി

Saturday 29 January 2022 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യവകുപ്പ് രഹസ്യാന്വേഷണം ആരംഭിച്ചതോടെ, സ്ഥിരമായി പണിമുടക്കിയിരുന്ന റേഷൻ കടകളിലെ ഇ പോസ് മെഷീനുകളെല്ലാം 'ചുറുചുറുക്കോ'ടെ പ്രവർത്തിച്ചു തുടങ്ങി.

റേഷൻ വിതരണം മുഴുവൻ സമയം പ്രവർത്തനത്തിലേക്ക് തിരിച്ചെത്തിയ 27ന് ചില താലൂക്കുകളിലെ ഏതാനും റേഷൻ കടകളിൽ ഇ പോസ് മെഷീൻ മന്ദഗതിയിലായിരുന്നു. ഇത്ചൂണ്ടിക്കാട്ടി സംസ്ഥാനത്താകെ റേഷൻ വിതരണം താളം തെറ്റിയെന്ന് പ്രചാരണം നടന്നു. കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയതോടെ പ്രചരണം നിലച്ചു. ഇന്നലെ ഒരു പരാതിയുമില്ലാതെ റേഷൻ വിതരണം നടന്നു.

തന്ത്രം പാളി

ഇ പോസ് വഴിയുള്ള റേഷൻ വിതരണം ആകെ തകർന്നുവെന്ന് വന്നാൽ മെഷീൻ മാറ്റി ധാന്യ വിതരണം

മാന്വലാക്കാൻ അനുമതി കിട്ടുമെന്ന് ചിലർ കണക്കു കൂട്ടിയിരുന്നു. അവരാണ് തെറ്റായ പ്രചാരണത്തിനു പിന്നിലെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ കണ്ടെത്തി. മാന്വലായി വിതരണം അനുവദിച്ചാൽ വലിയ തോതിൽ തിരിമറി നടക്കും. എന്നാൽ, വലിയൊരു വിഭാഗം റേഷൻ കടക്കാരും കള്ളക്കളിക്ക് കൂട്ടുനിന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

റേഷൻ വിതരണം

₹ഇന്നലെ വാങ്ങിയവർ -7.17 ലക്ഷം

₹ഈ മാസം ഇതുവരെ -69.04 ലക്ഷം

₹വിതരണ ശതമാനം 69.65