വികസനത്തിരയിൽ ഉയരാൻ താനൂർ ഹാർബർ

Wednesday 02 February 2022 12:37 AM IST
താനൂർ ഹാർബർ

താനൂർ: മലബാറിൽ ഏറ്റവും കൂടുതൽ മത്സ്യ ലഭ്യത ഉള്ള തീരദേശം. 1700 രജിസ്‌ട്രേഡ് യാനങ്ങൾ (ബോട്ടുകൾ). മത്സ്യഫെഡിന്റെ അംഗീകാരമുള്ള പതിനായിരത്തോളം മത്സ്യത്തൊഴിലാളികൾ. തീരത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഏകദേശം ഒരുലക്ഷം അനുബന്ധ തൊഴിലാളികൾ... താനൂർ തീരദേശത്തിന്റെ മഹിമയാണിതെല്ലാം. ഘട്ടം ഘട്ടമായി നടക്കുന്ന വികസനപ്രവർത്തനങ്ങൾ കൂടി കഴിയുന്നതോടെ താനൂർ ഹാർബർ മത്സ്യങ്ങളാൽ സമ്പന്നമായ കടൽപോലെ സൗകര്യങ്ങളാൽ നിറയുന്നൊരിടമാകും.

55.8 കോടി രൂപ ചെലവഴിച്ചു പൂർത്തീകരിച്ച താനൂർ ഹാർബറിന്റെ ഒന്നാംഘട്ട വികസനത്തിൽ 1350 മീറ്റർ തെക്കേ പുലിമുട്ട്, 700 മീറ്റർ വടക്കേ പുലിമുട്ട്, വലിയ ജെട്ടി, ലേല ഹാൾ, മത്സ്യം ലോഡ് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ, റിക്ലമേഷൻ ബണ്ട്, ഡ്രഡ്ജിംഗ് എന്നീ പ്രവൃത്തികൾ ഉൾപ്പെടുന്നു. രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് 13.90 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

താനൂർ പുതിയ കടപ്പുറം, തേവർ കടപ്പുറം, ഉണ്ണിയാൽ, പറവണ്ണ, കൂട്ടായി തുടങ്ങിയ മത്സ്യ ഗ്രാമങ്ങൾക്ക് സഹായകമാകുകയാണ് ഹാർബർ വികസനം. എം.എൽ.എയും മന്ത്രിയുമായ വി. അബ്ദുറഹ്മാന്റെ വികസന നേട്ടത്തിൽ പൊൻതൂവലായി മാറുകയാണ് ഈ ഹാർബർ. സുരക്ഷയ്ക്കായി തീരദേശ പൊലീസ് സ്റ്റേഷൻ ഇതിന്റെ ഭാഗമായി പ്രത്യേകം സ്ഥാപിക്കാൻ ഭാവിയിൽ സാധ്യതയുണ്ട്.

ആധുനിക സംവിധാനങ്ങളോടെയുള്ള മികച്ച ഹാർബറായി 2022- 23 വർഷത്തിൽ താനൂർ ഹാർബർ മാറുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികളും മത്സ്യത്തൊഴിലാളികളും. സംസ്ഥാന സർക്കാരിന്റെ ഹാർബർ എൻജിനിയറിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.

രണ്ടാം ഘട്ട വികസനത്തിൽ ഒരുങ്ങുന്നത്

  • ചെറിയ മത്സ്യബന്ധന വള്ളങ്ങൾ അടുപ്പിക്കാൻ സഹായകമാവുന്ന മൂന്ന് ചെറിയ ജെട്ടികൾ
  • പുതിയ ലേലപ്പുര
  • വല നെയ്ത്ത് കേന്ദ്രം
  • മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള വലിയ സ്റ്റോർറൂമുകൾ
  • ഷോപ്പിംഗ് കോംപ്ലക്സുകൾ
  • എൻജിൻ വർക്ക്‌ഷോപ്പുകൾ
  • കാന്റീൻ
  • ടോയ്ലറ്റ് ബ്ലോക്കുകൾ
  • ഡ്രൈവർമാർക്ക് വിശ്രകേന്ദ്രം
  • വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനം
  • ക്ലീനിംഗ് സൗകര്യങ്ങൾ
  • ഇന്റെർണൽ റോഡുകളുടെ നിർമ്മാണം
  • ലോഡിംഗ് പാർക്കിംഗ് ഏരിയകൾ
  • ചുറ്റുമതിൽ
  • മികച്ച ഗേറ്റ് കീപ്പിംഗ് സംവിധാനത്തോടെ ഗേറ്റ് ഹൗസ്
  • സി.സി.ടി.വി
  • ഹൈമാസ്റ്റ് ലൈറ്റുകൾ
  • വെള്ളം കയറുന്നത് തടയുന്നതിനുള്ള ലാൻഡ് ഡെവലപ്‌മെന്റ് അടിസ്ഥാന വികസന പ്രവർത്തനങ്ങൾ
  • ആധുനിക സംവിധാനങ്ങളോടെ മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള വലിയ കോൾഡ് സ്റ്റോറേജ് സംവിധാനം
  • മത്സ്യലഭ്യത കൂടുമ്പോൾ സൂക്ഷിച്ചുവച്ച് പിന്നീട് നല്ല വിലയ്ക്ക് വിൽക്കുവാൻ മത്സ്യത്തൊഴിലാളികൾക്ക് ഇതുമൂലം സാധിക്കും
  • താനൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സമീപത്തുള്ള 8 സെന്റ് ഭൂമിയിൽ വലിയ കിണർ, വാട്ടർ ടാങ്ക് നിർമ്മിച്ച് ഹാർബറിലേക്ക് ശുദ്ധജലം എത്തിക്കും
  • ഹാർബറിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിർമ്മിക്കുന്നത് ഇവിടെ