ഫാനി തീരത്തേക്ക്: കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത, ജാഗ്രത

Sunday 28 April 2019 10:29 AM IST

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന്റെ കിഴക്കൻ ആഴക്കടലിൽ രൂപപ്പെട്ട ഫാനി ചുഴലിക്കാറ്റ് കരയിലേക്ക് അടുക്കുന്നു. വടക്കൻ തമിഴ്നാട്ടിലേക്കും ആന്ധ്രാ പ്രദേശിലേക്കുമാണ് കാറ്റിന്റെ നിലവിലെ ഗതി. എന്നാൽ രണ്ടു ദിവസത്തിനുള്ളിൽ തമിഴ്നാട് തീരം വഴി കടന്നുപോകുമെന്ന് കരുതപ്പെട്ടിരുന്ന കാറ്റ് ദിശമാറി കടലിലേക്ക് തന്നെ പോകാനും ഇടയുണ്ടെന്നാണ് വിവരം. അതേസമയം, കാറ്റ് ഏത് രീതിയിൽ നാശം വിതയ്‌ക്കുമെന്ന കാര്യത്തിൽ ഇന്ന് വൈകുന്നേരത്തോടെ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ.

തമിഴ്നാട്ടിലെ ചെന്നൈയിൽനിന്ന് 1200 കി.മീയും ആന്ധ്രാ പ്രദേശിലെ മച്ചിലിപട്ടണത്തിൽനിന്ന് 1390 കി.മീ ദൂരത്തിലുമാണ് നിലവിൽ ഫാനി ചുഴലിക്കാറ്റ്. അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായും തുടർന്നുള്ള 24 മണിക്കൂറിൽ അതിതീവ്ര ചുഴലിക്കാറ്റായും മാറുമെന്നാണു വിലയിരുത്തൽ. അതേസമയം, ആശങ്ക ഒഴിയുന്നുണ്ടെങ്കിലും കേരളത്തിൽ മേയ് ഒന്നുവരെ വ്യാപക മഴയുണ്ടാകും. ദുരന്തമൊഴിവാക്കാൻ സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തിങ്കളും ചാെവ്വയും കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കടൽ പ്രക്ഷുബ്ധമാകും. തിരകൾ രണ്ടു മീറ്ററോളം ഉയരും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. പോയവരുണ്ടെങ്കിൽ ഉടൻ തിരിച്ചെത്തണം.

നാളെയും മറ്റന്നാളും തീരപ്രദേശത്ത് മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കും. മലയോര മേഖലകളിൽ ഉരുൾപൊട്ടാനിടയുണ്ട്. രാത്രി യാത്ര ഒഴിവാക്കണം. വെള്ളപ്പൊക്കമുണ്ടായാൽ നേരിടാൻ പ്രളയ കിറ്റ് കരുതാനും നിർദ്ദേശമുണ്ട്. 29ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും 30 ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.