ഡോ.എസ്. ഉണ്ണികൃഷ്ണൻനായർ വി.എസ്.എസ്.സി. ഡയറക്ടർ

Tuesday 08 February 2022 12:47 AM IST

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ.യുടെ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രമായ തുമ്പയിലെ വിക്രം സാരാഭായ് സ്‌പെയ്സ് സെന്റർ ഡയറക്ടറായി മലയാളിയും പ്രശസ്ത ശാസ്ത്രജ്ഞനും ഗഗൻയാൻ പദ്ധതി നടപ്പാക്കുന്ന ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെന്റർ ഡയറക്ടറുമായ ഡോ.എസ്. ഉണ്ണികൃഷ്ണൻ നായരെ നിയമിച്ചു. ഡയറക്ടറായിരുന്ന എസ്.സോമനാഥ് ഐ.എസ്.ആർ.ഒ. ചെയർമാനായി നിയമിതനായതിനെ തുടർന്നാണിത്. ഇന്നലെ ബംഗളൂരുവിൽ നടന്ന ചടങ്ങിൽ അദ്ദേഹം ചുമതലയേറ്റു. ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെന്റർ ഡയറക്ടറുടെ അധികചുമതലയുമുണ്ട്.

കോട്ടയം കോതനല്ലൂർ സ്വദേശിയായ ഡോ. ഉണ്ണികൃഷ്ണൻ 1985ലാണ് വി.എസ്.എസ്.സിയിൽ ചേർന്നത്. വിക്ഷേപണ വിഭാഗത്തിലും റോക്കറ്റ്, ഉപഗ്രഹ സംരക്ഷണ പദ്ധതികളിലും മികവ് തെളിയിച്ച ഉണ്ണികൃഷ്ണൻ ഇതുമായി ബന്ധപ്പെട്ട പലപദ്ധതികളിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

വി.എസ്.എസ്.സി. മുൻജീവനക്കാരി ജയ ജി.നായരാണ് ഭാര്യ. മുംബയിൽ ആർക്കിടെക്റ്റായ ഐശ്വര്യയും പൂനെയിൽ സൈക്കോളജി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ചൈതന്യയുമാണ് മക്കൾ. തിരുവനന്തപുരത്ത് പൂജപ്പുരയിലാണ് താമസം. കോട്ടയം സർവേ ഓഫീസ് ജീവനക്കാരനായിരുന്ന പരേതനായ കോതനല്ലൂർ ശ്രീനിലയത്തിൽ (ആലഞ്ചേരിൽ) ശ്രീധരൻനായരുടെയും രാജമ്മയുടെയും മകനാണ്.