എം.എൽ.എയുടെ മകന്റെ വോട്ടും സി.പി.എം കള്ളവോട്ടാക്കിയെന്ന്
കാസർകോട്: ഉദുമ എം.എൽ.എയുടെ മകന്റെ വോട്ടും സി.പി.എം കള്ളവോട്ടു ചെയ്‌തെന്ന് യു.ഡി.എഫ് ആരോപണം. കെ. കുഞ്ഞിരാമൻ എം.എൽ.എയുടെ മകനും ദുബായിൽ സൂറത്ത് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിൽ ഓഫീസ് മാനേജരുമായ മധുസൂദനന്റെ വോട്ടാണ് സി.പി.എം കള്ളവോട്ടായി ചെയ്‌തെന്ന് മുസ്ലിംലീഗ് ആരോപിച്ചത്.
പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ കൂട്ടക്കനി ജി.യു.പി സ്‌കൂളിലെ 132ാം നമ്പർ ബൂത്തിലെ ഏഴാം നമ്പർ വോട്ടറാണ് മധുസൂദനൻ. ഈ ബൂത്തിൽ യു.ഡി.എഫ് പോളിംഗ് ഏജന്റായ രത്നാകരൻ നമ്പ്യാരാണ് കള്ളവോട്ട് കണ്ടെത്തിയത്.
രണ്ടുമാസം മുമ്പ് നാട്ടിലെത്തി ദുബായിലേക്കു തിരിച്ചുപോയ മധുസൂദനന്റെ വോട്ട് മറ്റൊരാൾ ചെയ്യുന്നത് കണ്ടുപിടിച്ച യു.ഡി. എഫ് ഏജന്റ് അത് ചോദ്യം ചെയ്‌തിരുന്നു. എന്നാൽ ഏജന്റിനെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കിയെന്ന് ലീഗ് ആരോപിക്കുന്നു. എന്നാൽ, മകന്റെ പേരിലുള്ള കള്ളവോട്ട് ആരോപണം കെ. കുഞ്ഞിരാമൻ എം.എൽ.എ നിഷേധിച്ചു. ലീഗിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ തന്റെ മകനെ കരുവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.