ചേരിതിരിവ് രൂക്ഷം; കാതോലിക്ക ബാവയുടെ രാജി സ്വീകരിച്ചു

Friday 03 May 2019 12:27 AM IST

കൊച്ചി : മലങ്കര യാക്കോബായസഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി സ്ഥാനത്തുനിന്ന് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ രാജി സഭയുടെ ആഗോള തലവനായ പാത്രിയാർക്കീസ് ബാവ സ്വീകരിച്ചു. സഭയുടെ ഭരണം നിയന്ത്രിക്കാൻ മുതിർന്ന മൂന്ന് മെത്രാപ്പൊലീത്തമാർ ഉൾപ്പെട്ട സമിതിയെ നിയോഗിച്ചു. രാജിക്ക് പിന്നാലെ സഭയ്ക്കുള്ളിലെ ചേരിതിരിവ് രൂക്ഷമായി.

ഓർത്തഡോക്സ് വിഭാഗവുമായുള്ള കേസുകളിലെ തോൽവിയും സഭയ്ക്കുള്ളിലുയർന്ന കലഹങ്ങളുടെയും പശ്ചാത്തലത്തിലാണ് മെത്രാപ്പൊലീത്തൻ ട്രസ്റ്റി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് സിറിയയിലെ അന്തോഖ്യയിലെ പാത്രിയാർക്കീസ് ബാവ ഇഗ്നാത്തിയൂസ് അപ്രേം രണ്ടാമന് കാതോലിക്ക ബാവ കത്തയച്ചത്. മേയ് ഒന്നിന് രാജി സ്വീകരിച്ച് പാത്രിയാർക്കീസ് ബാവ ഉത്തരവിറക്കി. കാതോലിക്ക ബാവ, അങ്കമാലി രൂപതാ മെത്രാപ്പൊലീത്ത എന്നീ പദവികളിൽ തുടരാനും നിർദ്ദേശിച്ചു.

അങ്കമാലി രൂപതാ സഹമെത്രാപ്പൊലീത്ത സേവേറിയോസ് എബ്രഹാം, കോട്ടയം മെത്രാപ്പൊലീത്തയും സിനഡ് സെക്രട്ടറിയുമായ തിമോത്തിയൂസ് തോമസ്, കൊച്ചി രൂപതാ മെത്രാപ്പൊലീത്ത ഗ്രിഗോറിയസ് ജോസഫ് എന്നിവരുൾപ്പെട്ട സമിതിയെ സഭയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തി. പുതിയ ട്രസ്റ്റിയെ തിരഞ്ഞെടുക്കുന്നതു വരെ മാനേജിംഗ്, വർക്കിംഗ് കമ്മിറ്റികളുടെ യോഗങ്ങൾ വിളിക്കാൻ കാതോലിക്ക ബാവയെ ചുമതലപ്പെടുത്തി.

വിശ്വാസികളിലെ ചേരിതിരിവ് രൂക്ഷമാക്കി ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതായി ആരോപിച്ച് ബാവയെ അനുകൂലിക്കുന്നവർ പാത്രിയാർക്കീസ് ബാവയ്ക്ക് പരാതി നൽകി. രണ്ടു മെത്രാപ്പൊലീത്തമാർ ഉൾപ്പെടെ ഒപ്പിട്ട പരാതിയാണ് നൽകിയത്.

മെത്രാപ്പൊലീത്തമാരായ അത്തനാസിയോസ് ഏലിയാസ്, മാത്യൂസ് അപ്രേം, സഭാ സെക്രട്ടറി പീറ്റർ കെ. ഏലിയാസ് തുടങ്ങിയവരാണ് കത്തിൽ ഒപ്പുവച്ചത്.