ചരി​ത്രമെഴുതാൻ നാദിറ, കാലടി സർവകലാശാലയി​ൽ ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയായി​ ട്രാൻസ് വനി​ത

Friday 25 February 2022 11:35 PM IST

കൊ ച്ചി: പരിഹസിച്ചവർക്കും ആട്ടിയകറ്റിയവർക്കും മുന്നിൽ നേട്ടങ്ങളിലൂടെ തല ഉയർത്തിയ ട്രാൻസ് വനിതയായ നാദിറ മെഹ്റിൻ കാലടി സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ എ.ഐ.എസ്.എഫിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥി. ഇന്ത്യയിലാദ്യമായാണ് ട്രാൻസ് വനിത സർവകലാശാലാ തിരഞ്ഞെടുപ്പിനെ നയിക്കുന്നത്. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗമായ നാദിറ, വനിതാവിഭാഗമായ അക്ഷിത വിദ്യാർത്ഥിവേദിയുടെ സംസ്ഥാന ജോയിന്റ് കൺവീനറുമാണ്.

 സ്വത്വം തുറന്നു പറഞ്ഞത് 17 തികഞ്ഞപ്പോൾ
കുട്ടിക്കാലം മുതൽ ആൺകുട്ടിയല്ലെന്ന് ഉള്ളിലുണ്ടായിരുന്നു. പറയാനുള്ള ധൈര്യം തോന്നിയത് 17തികഞ്ഞപ്പോൾ മാത്രം. തുടർന്ന് വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ ട്രാൻസ് സമൂഹത്തിന്റെ സഹായത്തോടെയായിരുന്നു പഠനം. സ്‌കോളർഷിപ്പുകളും തുണയായി. ചെറിയ ജോലികൾ ചെയ്തും പണം കണ്ടെത്തി. ജേർണലിസത്തിനുശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രാഷ്ട്രമീമാംസയിൽ ആദ്യ ബിരുദാനന്തരബിരുദം. കാലടി യൂണിവേഴ്സിറ്റിയിൽ എം.എ തിയേറ്ററിൽ രണ്ടാമത്തെ പി.ജി ചെയ്യുകയാണിപ്പോൾ.

തള്ളിപ്പറഞ്ഞവരുടെ മുന്നിൽ മോഡലായും ആക്ടിവിസ്റ്റായും അവതാരകയായും നടിയായും രാഷ്ട്രീയ പ്രവർത്തകയായും സജീവമാണ് നാദിറ. ജിയോ ബേബി സംവിധാനം ചെയ്ത 'ഫ്രീഡം ഫൈറ്റിൽ" ട്രാൻസ്‌ജെൻഡറായി വേഷമിട്ടു.


 പാർലമെന്റിലേക്ക് മത്സരിക്കണം

പാർലമെന്റ് അംഗമാവുക എന്നതാണ് ആഗ്രഹങ്ങളേറെയുള്ള നാദിറയുടെ സ്വപ്നം. സാധിക്കുമോ എന്നറിയില്ല. പിഎച്ച്.ഡി നേടി​ രാഷ്ട്രീയത്തി​ൽ സജീവമാകുക, ട്രാൻസ് സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുക തുടങ്ങിയ ആഗ്രഹങ്ങളുമണ്ട്.

'ട്രാൻസ്ജെൻഡറുകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരണം. അതിനുള്ള അവസരമൊരുക്കേണ്ടത് സമൂഹമാണ്".

- നാദിറ മെഹ്‌റിൻ

'നാദിറയെ മത്സരിപ്പിക്കുക എന്നത് പ്രസ്ഥാനത്തിന്റെ ഒറ്റക്കെട്ടായ തീരുമാനമാണ്. അഭിമാനത്തോടെയാണ് അതിനായുള്ള പ്രവർത്തനം നടത്തുന്നത്".
-അൻഷാദ്, എ.ഐ.എസ്.എഫ് യൂണിറ്റ് ഭാരവാഹി, കാലടി സർവകലാശാല

Advertisement
Advertisement