വിട്ടുമാറാത്ത ക്ഷയത്തിനും കുഷ്ഠത്തിനും മറുമരുന്ന്

Tuesday 01 March 2022 12:18 AM IST

തിരുവനന്തപുരം: ക്ഷയം, കുഷ്ഠം തുടങ്ങിയ രോഗങ്ങൾക്ക് കാരണമായ മൈക്കോബാക്ടീരിയ, ആന്റിബയോട്ടിക്കിനെതിരെ പ്രതിരോധം (ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്) നേടുന്നത് ചെറുക്കാൻ സുറാമിൻ എന്ന മരുന്നിന് കഴിയുമെന്ന് പഠനത്തിൽ കണ്ടെത്തി.

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ (ആർ.ജി.സി.ബി) ശാസ്ത്രജ്ഞനും ഗവേഷകനുമായ ഡോ. കൃഷ്ണ കുർത്‌കോട്ടി, ലാബിൽ നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് ഇത് കണ്ടെത്തിയത്. നിലവിൽ ട്രൈപാനാസോമൽ എന്ന രോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കുത്തിവയ്പിനുള്ള മരുന്നാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ച സുറാമിൻ. ആന്റിമൈക്രോബിയൽ ഏജന്റ്സ് ആൻഡ് കീമോതെറാപ്പി എന്ന ശാസ്ത്ര മാഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ചിലതരം ബാക്ടീരിയ മരുന്നിനോട് പ്രതിരോധം നേടി രോഗചികിത്സ ദുഷ്‌കരമാക്കും. അതിനെ മറികടക്കാൻ സുറാമിൻ കൂടി നൽകിയാൽ മതിയെന്നാണ് കണ്ടെത്തൽ. സുറാമിൻ അംഗീകൃത മരുന്നായതിനാൽ ഇത്തരം സാഹചര്യത്തിൽ അത് ഉപയോഗിക്കുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്. അതിനു ക്ലീനിക്കൽ പരീക്ഷണങ്ങൾ നടക്കേണ്ടതുണ്ട്. ആന്റിബയോട്ടിക് ചികിത്സയിൽ സുറാമിൻ സംയോജിപ്പിക്കുമ്പോൾ മൈക്കോബാക്ടീരിയം സ്‌മെഗ്‌മാറ്റിസിലും (കുഷ്ഠം) മൈക്കോബാക്ടീരിയം ടൂബർകുലോസിസിലും (ക്ഷയം) പ്രതിരോധം നേടുന്ന രോഗാണുക്കളുടെ നിരക്ക് കുറയുന്നതായാണ് ലാബിൽ നടത്തിയ പഠനത്തിൽ വെളിവായത്. ക്ഷയരോഗത്തെക്കുറിച്ചുളള ലോകോരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏകദേശം 25ലക്ഷം കേസുകളിൽ 124,000 കേസുകൾ ആന്റിബയോട്ടിക്കുകൾക്ക് വഴങ്ങാത്തവയാണ്.

 റെസിസ്റ്റൻസ് രണ്ടുവിധം

രോഗകാരികളായ അണുക്കൾ രണ്ടു തരത്തിലുണ്ട്. ഭൂരിഭാഗം അണുക്കളും ആന്റിബയോട്ടിക്കുകൾക്ക് കീഴ്പ്പെട്ട് അതിവേഗം നശിക്കുമ്പോൾ കുറച്ച് ബാക്ടീരിയ (പെർസിസ്റ്ററുകൾ) ആന്റിബയോട്ടിക്കുകൾക്ക് വഴങ്ങാതെ ദീർഘകാലം നിലനിൽക്കും. ഈ ബാക്ടീരിയകളും വളരെ പതിയെ നശിക്കുമെങ്കിലും ആന്റിബയോട്ടിക് തെറാപ്പിയുടെ ദൈർഘ്യം അത്രത്തോളം ഇല്ലാത്തതിനാൽ ഇവ വീണ്ടും രോഗമുണ്ടാക്കും. നേരത്തേ നൽകിയിരുന്ന ആന്റിബയോട്ടിക്കിന് ആവർത്തിച്ചുവന്ന ഈ രോഗത്തെ ശമിപ്പിക്കാൻ ആവാത്ത സ്ഥിതിയാകും. ഈ സാഹചര്യത്തെ അതിജീവിക്കാനാണ് സുറാമിന് കഴിയുക.

'ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ആഗോള ആരോഗ്യ പ്രശ്നമാണ്. പുതിയ ആന്റിബയോട്ടിക്കുകൾ കണ്ടെത്തേണ്ട അനിവാര്യതയാണ് പഠനം സൂചിപ്പിക്കുന്നത്. '

- ഡോ. ചന്ദ്രഭാസ് നാരായണ

ആർ.ജി.സി.ബി ഡയറക്ടർ

Advertisement
Advertisement